‘ചിത്രയെ ഒഴിവാക്കിയത്
ഗൂഢാലോചനയിലൂടെ’

തിരുവനന്തപുരം: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കേരള കായികതാരം പി.യു ചിത്രയെ ഒഴിവാക്കിയതിന് പന്നില്‍ വന്‍ ഗൂഢാലോചയെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍. കേന്ദ്ര സര്‍ക്കാറിന്റെ നിരീക്ഷകയായി പോയ പി.ടി ഉഷ ഇക്കാര്യത്തില്‍ നടപടിയെടുക്കാത്തത് മനഃപൂര്‍വമാണെന്നേ വിശ്വസിക്കാനാകൂവെന്നും ടി.പി ദാസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വളരെ ശക്തമായ സ്ഥാനമാണ് നിരീക്ഷകയുടേത്. ചിത്രയുടെ പേര് ഒഴിവാക്കപ്പെട്ടത് സംബന്ധിച്ച് ആദ്യമേ തന്നെ ഉഷക്ക് റിപ്പോര്‍ട്ട് കൊടുക്കാവുന്നതായിരുന്നു. എന്നാല്‍ ഉഷ നല്ല സമീപനമല്ല എടുത്തത്. ഉഷയുടെ നടപടി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പരിശോധിക്കേണ്ടതുണ്ട്. ഹൈക്കോടതി വിധിയുണ്ടായിട്ട് പോലും ചിത്രക്ക് മത്സരിക്കാനാകാത്ത തരത്തിലുള്ള ഗൂഢാലോചന വ്യക്തമാകുന്നു. ചിത്രക്കുണ്ടായ അനുഭവം ഇനി മറ്റൊരു കായിക താരത്തിന് ഉണ്ടാകരുത്. ഗോഡ് ഫാദര്‍ ഇല്ലാതെ കായിക താരത്തിന് നില്‍ക്കാനാകണം.
ലിസ്റ്റില്‍നിന്ന് ഒഴിവാക്കപ്പെട്ടവരില്‍ ചിത്രയേക്കാള്‍ കുറഞ്ഞ ഗ്രേഡിലുള്ള ഒഡീഷ താരം ദ്യുതി ചന്ദിന് മത്സരിക്കാന്‍ അവസരം കിട്ടി. മൂന്ന് പേര്‍ ഒഴിവാക്കപ്പെട്ടതില്‍ ചിത്ര ഒഴികെ മറ്റ് രണ്ട് പേര്‍ക്കും മത്സരിക്കാന്‍ അവസരം കിട്ടി. സുധാ സിംഗിനെ പങ്കെടുപ്പിക്കില്ലെന്ന് ഇന്ത്യന്‍ ടീമും മത്സരിക്കുമെന്ന് സുധാസിംഗും പറയുന്ന വിചിത്രമായ അവസ്ഥയാണുള്ളത്. ചിത്രയെ മാത്രം ഒഴിവാക്കിയത് നെറികേടും കയ്യൂക്കുള്ളവന്‍ കാര്യക്കാരനെന്ന നിലപാടുമാണ് – ദാസന്‍ പറഞ്ഞു.
കേരളം കായിക നയത്തിന് രൂപം നല്‍കിയതുപോലെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിനായി കായിക നയം കൊണ്ടുവരണം. ഇതുവഴി ഫെഡറേഷനുകളെ നിയന്ത്രിക്കാനാകൂ. കായിക നയം ഇല്ലാത്തതുകൊണ്ടാണ് കോടതി നിയന്ത്രിക്കേണ്ട അവസ്ഥയിലേക്ക് എത്തുന്നത്. ഫെഡറേഷനുകളെ നിയന്ത്രിക്കാന്‍ ആരുമില്ലെന്ന് പറയുന്നത് ശരിയല്ല. ചിത്രക്ക് വേണ്ടി നിയമയുദ്ധത്തിന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ തയാറാണ്. നിയമ പോരാട്ടത്തിന് സ്പോര്‍ട്സ് കൗണ്‍സില്‍ ചിത്രക്കൊപ്പം കക്ഷി ചേരും. നിയമപോരാട്ടത്തിനുള്ള ചെലവ് കൗണ്‍സില്‍ വഹിക്കുമെന്നും ടി.പി ദാസന്‍ പറഞ്ഞു.