കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ശനിയാഴ്ച നടത്താനിരുന്നു സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷ പി.എസ്.സി മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. കാലിക്കറ്റ് സര്‍വകലാശാലയുടെ പി.ജി എന്‍ട്രന്‍സ് പരീക്ഷകളും മാറ്റിവെച്ചു. മെയ് 31 വരെ കോഴിക്കോട് ജില്ലയിലെ എല്ലാ പൊതുപരിപാടികള്‍ക്കും കളക്ടര്‍ വിലക്കേര്‍പ്പെടുത്തി. ട്യൂഷന്‍ ക്ലാസുകള്‍, അങ്കണവാടികള്‍, മറ്റു ട്രൈയ്‌നിങ് ക്ലാസ് എന്നിവയും പ്രവര്‍ത്തിക്കരുതെന്ന് കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

അതിനിടെ നിപ്പ വൈറസ് ബാധയേറ്റ് കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു. രോഗബാധയേറ്റ് മരിച്ച സഹോദരങ്ങളായ സ്വാലിഹിന്റേയും സാബിത്തിന്റേയും പിതാവ് ചങ്ങരോത്ത് സൂപ്പിക്കട മൂസ മൗലവി (62) യാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ചത്. ആദ്യ ഘട്ടത്തില്‍ രോഗം പിടിപെട്ടവരില്‍ ഒരാളാണ് മൂസ മൗലവി. ഇദ്ദേഹത്തിന്റെ മക്കളായ സാബിത്ത് മെയ് അഞ്ചിനും സ്വാലിഹ് കഴിഞ്ഞ വെള്ളിയാഴ്ചയുമാണ് മരണപ്പെട്ടത്.