തൊടുപുഴ: കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ഇടവെട്ടി സ്വദേശി മുഹമ്മദ്(53) അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

തൊടുപുഴ ഇടവെട്ടിയില്‍ പലചരക്ക് കട നടത്തുകയാണ് മുഹമ്മദ്. കഴിഞ്ഞ ദിവസം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ പോയ ഒമ്പത് വയസുകാരിയോട് മുഹമ്മദ് അപമര്യാദയായി പെരുമാറി. വീട്ടിലെത്തിയതിന് ശേഷം പെണ്‍കുട്ടി ആരോടും സംസാരിക്കാതെ ഒറ്റയ്ക്ക് മാറിയിരുന്നതോടെയാണ് വീട്ടുകാര്‍ ശ്രദ്ധിച്ചത്.

തുടര്‍ന്ന് അമ്മ വിവരം തിരക്കിയപ്പോഴാണ് പ്രതി അപമര്യാദയായി പെരുമാറിയ കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം തൊടുപുഴ പൊലീസില്‍ പരാതി നല്‍കി. പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് മുഹമ്മദിനെ കസ്റ്റഡിയില്‍ എടുത്തു. പ്രതി നേരത്തെയും സമാന രീതിയില്‍ ആളുകളോട് ഇടപെട്ടിട്ടുണ്ടെന്നാണ് വിവരം. ഐപിസി, പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് പ്രതിയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്.