വരാപ്പുഴ: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹവുമായി ആംബുലന്‍സ് എത്തിയപ്പോള്‍ ബന്ധുക്കള്‍ ഞെട്ടി. ആംബുലന്‍സില്‍ എത്തിയത് കാലിപ്പെട്ടി. കടമക്കുടി പഞ്ചായത്തിലെ കോതാടാണ് സംഭവം. കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ച പ്രിന്‍സ് സിമേന്തി എന്നയാളുടെ മൃതദേഹമാണ് പെട്ടിയിലാക്കാന്‍ മറന്നത്.

പനിയെത്തുടര്‍ന്നാണ് കഴിഞ്ഞദിവസം പ്രിന്‍സിനെ ചേരാനല്ലൂര്‍ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ചത്. അല്‍പ്പസമയത്തിനകം മരിച്ചു. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മൃതദേഹം വിട്ടുനല്‍കിയത്.

ബന്ധുക്കളും സുഹൃത്തുക്കളുമായ നാലുപേര്‍ ചേര്‍ന്നാണ് പ്രിന്‍സിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ആശുപത്രിയിലെത്തിയത്. മൃതദേഹം വെക്കാനായി പെട്ടി ആശുപത്രി അധികൃതരെ ഏല്‍പ്പിക്കുകയും ചെയ്തു. മൃതദേഹം കൊണ്ടുപോകുന്നതിന് അനുമതി ലഭിച്ചതോടെ ആംബുലന്‍സില്‍ പെട്ടി കയറ്റിവച്ച് ചടങ്ങുകള്‍ നടക്കുന്ന കോതാട് തിരുഹൃദയ പള്ളിയില്‍ എത്തിച്ചു.

ശവസംസ്‌കാര ചടങ്ങുകള്‍ക്കായി തുറന്നുനോക്കിയപ്പോഴാണ് മൃതദേഹമില്ലെന്ന് മനസ്സിലായത്. ഉടന്‍തന്നെ അതേ ആംബുലന്‍സില്‍ ആശുപത്രിയിലെത്തി അന്വേഷിച്ചപ്പോഴാണ് അബദ്ധം മനസ്സിലായതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.