ജലദോഷത്തെയും കോവിഡ് ലക്ഷണമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ലണ്ടനിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍. മൂക്കടപ്പും ജലദോഷവും കോവിഡ് പരിശോധനയ്ക്ക് ഒരാളെ ശുപാര്‍ശ ചെയ്യാനുള്ള മാനദണ്ഡമാക്കണമെന്നാണ് ഇവരുടെ ആവശ്യം. ക്വീന്‍ മേരി യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ ഓണററി ക്ലിനിക്കല്‍ സീനിയര്‍ ലെക്ച്ചര്‍ അലക്സ് സോഹലിന്റെ നേതൃത്വത്തില്‍ 140 ജനറല്‍ പ്രാക്ടീഷനര്‍മാരാണ് യുകെയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് ഈ ആവശ്യവുമായി കത്തെഴുതിയത്.

ലോകാരോഗ്യ സംഘടനയും ഈ ലക്ഷണങ്ങളെ കോവിഡിന്റെ പരിശോധന മാനദണ്ഡത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച കത്തില്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു. മൂക്കൊലിപ്പ്, മൂക്കടപ്പ്, ക്ഷീണം, തലവേദന, പേശീവേദന, തൊണ്ട വേദന എന്നിവയുമായി എത്തുന്ന രോഗികളില്‍ പലരും പിന്നീട് കോവിഡ് പോസിറ്റീവ് ആകാറുണ്ട്. ജലദോഷവും പനിയുമൊന്നും കോവിഡ് ആയിരിക്കില്ലെന്ന് കരുതി രോഗികള്‍ പുറത്തിറങ്ങി നടക്കുന്നത് രോഗവ്യാപനം വര്‍ധിപ്പിക്കുമെന്ന് അലക്സ് സോഹല്‍ പറയുന്നു.

എന്നാല്‍ ഇന്ത്യയിലെ സാഹചര്യം യുകെയില്‍ നിന്ന് വ്യത്യസ്തമാണെന്ന് ഇവിടുത്തെ ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യന്‍ കാലാവസ്ഥയില്‍ ജലദോഷവും മൂക്കൊലിപ്പും തൊണ്ട വേദനയും സാധാരണമാണെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കോവിഡിന്റെ സാഹചര്യവും ഈ ലക്ഷണങ്ങളില്‍ തള്ളികളയാനാകില്ലെന്ന് ഗുരുഗ്രാം നാരായണ ഹോസ്പിറ്റലിലെ പള്‍മിനറി ആന്‍ഡ് സ്ലീപ്പ് മെഡിസിന്‍ കണ്‍സല്‍ട്ടന്റ് ഡോ. ഷീബ കല്യാണ്‍ ബിസ്വാള്‍ പറയുന്നു.