കൊച്ചി: കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വര. കര്‍ണാടക സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്തസാമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി.

സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി ശ്രമം നടത്തുന്നുണ്ടെങ്കിലും ജനതാദള്‍ എസുമായുള്ള സഖ്യം സുശക്തമാണെന്നും ബി.ജെ.പി ഭീഷണിയെ അതിജീവിക്കാന്‍ സര്‍ക്കാരിന് കരുത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശസാല്‍കൃത ബാങ്കുകളുടെ അടക്കം കാര്‍ഷിക എഴുതിത്തള്ളുന്നത് ഉള്‍പ്പെടെ വാഗ്ദാനങ്ങള്‍ പാലിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് നിസാര അഭിപ്രായ വ്യത്യാസങ്ങളാണ് ഉണ്ടായത്. അത് പരിഹരിച്ച് കഴിഞ്ഞു. അത് സ്വാഭാവികമാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്. രാഷ്ട്രീയത്തില്‍ ചെറിയ പരിഭവങ്ങള്‍ സ്വാഭാവികമാണെന്നും അത് പരിഹരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ടെന്നും പരമേശ്വര പറഞ്ഞു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും സഖ്യം തുടരാന്‍ തത്വത്തില്‍ തീരുമാനം എടുത്തിട്ടുണ്ടെന്നും മോഡി സര്‍ക്കാരിനെതിരെ യോജിച്ച പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചു വരണം എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം. ലോകത്തെ ഒന്നാം നമ്പര്‍ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറണമെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വരണം. പത്ത് വര്‍ഷത്തെ യു.പി.എ ഭരണമാണ് ആഗോള സാമ്പത്തിക പ്രതിസന്ധിയിലും ഇന്ത്യയ്ക്ക് പിടിച്ചു നില്‍ക്കാന്‍ ഇന്ത്യക്ക് കരുത്ത് നല്‍കിയത്. രാജ്യത്തിന്റെ അടിസ്ഥാന ശിലകളായ ആസൂത്രണ കമ്മീഷന്‍, റിസര്‍വ് ബാങ്ക്, സി ബി ഐ, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവയെല്ലാം മോഡി സര്‍ക്കാര്‍ തകര്‍ത്തു. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായകമായ ഇത്തരം സ്ഥാപനങ്ങള്‍ തകര്‍ത്തത്തിലൂടെ രാജ്യത്തെ സാമ്പത്തികമായി തകര്‍ക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്തത്. കള്ളപ്പണം കണ്ടെത്താന്‍ വേണ്ടി കറന്‍സി നിരോധനം നടപ്പാക്കിയെങ്കിലും കണക്ക് പോലും വെളിപ്പെടുത്താന്‍ മോഡി തയാറായിട്ടില്ല. എത്ര കള്ളപ്പണം കണ്ടെത്തി എന്ന് പറയാന്‍ പോലും കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും പരമേശ്വര പറഞ്ഞു.

കര്‍ണാടകയില്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ താഴെവീഴുമെന്നതായിരുന്നു ബി.ജെ.പി. അവകാശവാദം. ബി.ജെ.പി എം.എല്‍.എ ഉമേഷ് കട്ടിയാണ് കുമാരസ്വാമി മന്ത്രിസഭ 24 മണിക്കൂറിനകം താഴെ വീഴുമെന്ന് പറഞ്ഞു രംഗത്തെത്തിയത്. ബെല്‍ഗാമില്‍ നടന്ന യോഗത്തിലാണ് സര്‍ക്കാര്‍ താഴെ വീഴുമെന്നുള്ള എം.എല്‍.എയുടെ പ്രഖ്യാപനം.

മുന്‍മന്ത്രിയും എട്ട് തവണ ബി.ജെ.പി എം.എല്‍.എയും ആയിരുന്നയാളാണ് ഉമേഷ് കട്ടി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പയുടെ അധ്യക്ഷതയിലുളള യോഗം തുടങ്ങുന്നതിന് മുമ്പ് ഉമേഷിന്റെ അഭിപ്രായപ്രകടനം ഉണ്ടാവുകയായിരുന്നു.

’15 വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഞങ്ങളെ സമീപിച്ചിട്ടുണ്ട്. അവര്‍ പുറത്ത് പോകുന്നതോടെ കുമാരസ്വാമി സര്‍ക്കാര്‍ 24 മണിക്കൂറിനകം താഴെ വീഴും. അടുത്ത ആഴ്ച്ചയോടെ ഇവിടെ ബി.ജെ.പി സര്‍ക്കാര്‍ ഭരിക്കും,’ ഉമേഷ് പറഞ്ഞിരുന്നു. അതേസമയം, സര്‍ക്കാരിനെ താഴെ ഇറക്കാനുളള ശ്രമമില്ലെന്നായിരുന്നു യെദ്യൂരപ്പയുടെ ഭാഗം. പ്രതിപക്ഷത്ത് തന്നെ തുടാരാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞൊഴിഞ്ഞിരുന്നു. അതിനിടെ, വിഷയത്തോട് പ്രതികരിച്ച് കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേഷ് ഗുണ്ടു രംഗത്തെത്തിയിരുന്നു. സര്‍ക്കാരിനെ വലിച്ച് താഴെയിടാനുള്ള ശക്തിയൊന്നും ബി.ജെ.പിക്ക് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഉപമുഖ്യമന്ത്രിയുടെ പ്രതികരണം വന്നത്.