തിരുവനന്തപുരം: മാര്‍ച്ച് ആദ്യവാരം കോണ്‍ഗ്രസിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഹൈക്കമാന്റിന് സമര്‍പ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനസ്വീകാര്യതയുള്ള മികച്ച സ്ഥാനാര്‍ത്ഥി പട്ടികയായിരിക്കും കോണ്‍ഗ്രസിന്റേത്. നേമത്തും വട്ടിയൂര്‍ക്കാവിലും ഉള്‍പ്പെടെ ബി.ജെ.പിക്കും സി.പി.എമ്മിനും വെല്ലുവിളി ഉയര്‍ത്തുന്ന മികച്ച സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

യു.ഡി.എഫിന്റെ സീറ്റ് വിഭജനം അന്തിമഘട്ടത്തിലാണ്. ഘടകകക്ഷികളുമായി ചര്‍ച്ച പൂര്‍ത്തിയാക്കി. കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ് ആശുപത്രിയില്‍ ആയതിനാലാണ് അവരുമായി ചര്‍ച്ച പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത്. അത് വരും ദിവസങ്ങളില്‍ പൂര്‍ത്തിയാക്കും. സീറ്റ് വിഭജനം സംബന്ധിച്ച് പി.ജെ ജോസഫിന്റെ ഭാഗത്ത് കടുംപിടുത്തം ഉണ്ടാകുമെന്ന് കരുതുന്നില്ല. ഘടകകക്ഷികളുടെ താല്‍പ്പര്യം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുമെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി മുല്ലപ്പള്ളി പറഞ്ഞു.