ബെംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഢിക്ക് വന്‍ വിജയം. 3775 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സൗമ്യ റെഡ്ഢി വിജയിച്ചത്. 54405 വോട്ടുകള്‍ സൗമ്യ റെഡ്ഢി നേടിയപ്പോള്‍ 50270 വോട്ടാണ് ബി.ജെ.പി സ്ഥാനാര്‍ഥി ബി.എന്‍ പ്രഹ്ലാദിന് നേടാനായത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ രാമലിംഗ റെഡ്ഢിയുടെ മകളാണ് സൗമ്യ റെഡ്ഢി.

ബി.ജെ.പി എം.എല്‍.എ ആയിരുന്ന ബി.എന്‍ വിജയകുമാറിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വിജയകുമാറിന്റെ സഹോദരന്‍ ബി.എന്‍ പ്രഹ്ലാദനാണ് ബി.ജെ.പി സ്ഥാനാര്‍ഥി. ആകെ 19 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഇതോടെ കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസിന് 80 അംഗങ്ങളായി.

കര്‍ണാടകയില്‍ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയതോടെ ജയനഗറില്‍ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് ജെ.ഡി.എസ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.