ഇന്‍ഡോര്‍: മധ്യപ്രദേശിലെ ആള്‍ദൈവം ബയ്യൂ മഹാരാജ് സ്വയം വെടിയുതിര്‍ത്ത് മരിച്ചു. മധ്യപ്രദേശ് ഇന്‍ഡോറിലെ അദ്ദേഹത്തിന്റെ ആശ്രമത്തിലാണ് സംഭവം. ഉടനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിഷാദരോഗത്തെത്തുടര്‍ന്നാണ് ജീവിതം അവസാനിപ്പിച്ചതെന്നാണ് വിവരം. ബയ്യൂവിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. ‘മടുത്തു, ജീവിതം അവസാനിപ്പിക്കുകയാണ്’ എന്നായിരുന്നു ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നത്.

മുമ്പ് മോഡലായിരുന്ന മഹാരാജിന്റെ യഥാര്‍ത്ഥ പേര് ഉദയ് സിങ് ദേശ്മുഖ് എന്നാണ്. കഴിഞ്ഞ ഏപ്രിലില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ സംസ്ഥാനമന്ത്രി പദവി നല്‍കിയിരുന്നെങ്കിലും ബയ്യൂജി ഏറ്റെടുത്തില്ല.

ഇന്‍ഡോര്‍ നഗരത്തോട് ചേര്‍ന്ന് 200 ഏക്കര്‍ സ്ഥലത്താണ് ബയ്യൂയുടെ ആശ്രമം. വേഗതയേറിയ കാറുകള്‍ ഓടിക്കുന്നതിലായിരുന്നു ബയ്യൂക്ക് ഏറെ പ്രിയം. വിവാഹിതനായ ബയ്യൂജിക്ക് ഒരു മകളുണ്ട്.