ചവറ: ഫെയ്‌സ്ബുക്കിലൂടെ പ്രണയത്തിലായി പീഡിപ്പിച്ച ശേഷം പണം തട്ടിയ കേസില്‍ ബി.ജെ.പി നേതാവ് റിമാന്റില്‍. യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയംഗം രാജേഷ് കുമാറിനെയാണ് തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്. ഒമാനില്‍ ജോലി ചെയ്യുന്ന കാലത്താണ് രാജേഷ് അവിടെയുണ്ടായിരുന്ന തേവലക്കര സ്വദേശിയായ യുവതിയുമായി അടുപ്പത്തിലായത്.

ഫെയ്‌സ്ബുക്കിലൂടെയും വാട്‌സപ്പിലൂടെയും വളര്‍ന്ന ബന്ധം നാട്ടിലെത്തിയ ശേഷവും ഇരുവരും തുടരുകയായിരുന്നു. ഇതിനിടെ യുവതിയെ തിരുവനന്തപുരത്തും ആലപ്പുഴയിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായും പല കാരണങ്ങള്‍ പറഞ്ഞ് പ്രതി യുവതിയില്‍ നിന്ന് പണം വാങ്ങിയതായും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഏഴ് ലക്ഷത്തിലധികം രൂപ പലതവണയായി പലകാര്യങ്ങള്‍ പറഞ്ഞ് രാജേഷ് കൈക്കലാക്കി. പണം തിരിച്ചുചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. തന്റെ എടിഎം കാര്‍ഡ് അടക്കം രാജേഷിന്റെ കൈവശമാണെന്നും യുവതി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കുറ്റിവട്ടം അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു. ചവറ തെക്കുംഭാഗം എസ്.ഐ രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയുടെ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്.