തിരുവനന്തപുരം: രാജ്യത്ത് ഒരു ദിവസം ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമായി കേരളം മാറുന്നു. ശനിയാഴ്ചയാണ് കേരളം മറ്റു സംസ്ഥാനങ്ങളെ പിന്തള്ളി ഒന്നാമതെത്തിയത്. കഴിഞ്ഞ ദിവസം 11,755 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ 11,416 പേര്‍ക്കാണ് ശനിയാഴ്ച രോഗബാധയുണ്ടായത്.

മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഒറ്റ ദിവസത്തെ കണക്ക് ഇപ്രകാരമാണ്: കര്‍ണാടക- 10,943 (ഒക്ടോബര്‍ 7), ആന്ധ്രപ്രദേശ്- 10,794 (സെപ്റ്റംബര്‍ 6), തമിഴ്നാട്- 6,993 (ഓഗസ്റ്റ് 26), തെലങ്കാന- 3,018 (ഓഗസ്റ്റ് 26), പുതുച്ചേരി-668 (സെപ്റ്റംബര്‍ 24). രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബര്‍ 16ന് ആണ്- 97,859 രോഗികള്‍.

രോഗബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്രയില്‍ത്തന്നെയാണ് രോമുക്തരും ഏറ്റവും കൂടുതലുള്ളത്. 15,17,434 പേര്‍ക്കാണ് ഇതുവരെ മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരികരിച്ചത്. ഇവിടെ രോഗമുക്തരുടെ എണ്ണം 12,29,339 ആണ്.