X

കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഞ്ച് ലക്ഷം റിയാല്‍ പ്രഖ്യാപിച്ച് സഊദി

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: സഊദിയില്‍ കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രാജകാരുണ്യം. സ്വദേശികളും വിദേശികളുമായ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും കുടുംബങ്ങള്‍ക്ക് 5 ലക്ഷം റിയാല്‍ വീതം ധനസഹായം നല്‍കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സഊദി മന്ത്രി സഭ തീരുമാനിച്ചു. രാജ്യത്തെ സര്‍ക്കാര്‍,സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഏകദേശം ഒരു കോടിയോളം രൂപയാണ് സഹായമായി ലഭിക്കുക.

കോവിഡ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത മാര്‍ച്ച് രണ്ടിന് ശേഷം മരണപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കാണ് സഹായം ലഭ്യമാവുക. കോവിഡ് കാലയളവില്‍ മലയാളികളടക്കം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. കോവിഡ് പോരാട്ടത്തിനിടെ സഊദിയില്‍ വെച്ച് മരിച്ച മലയാളികളായ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കുടുംബങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

കോവിഡ് വിരുദ്ധ പോരാട്ടത്തിനിടയില്‍ സ്വന്തം ജീവന്‍ പണയംപെടുത്തിയവരോട് ഒരു രാജ്യം ചെയ്യുന്ന സമാനതകളില്ലാത്ത കാരുണ്യപ്രവര്‍ത്തനമാണ് സഊദിയുടെ പ്രഖ്യാപനം. ആഗോളതലത്തില്‍ തന്നെ വലിയൊരു തുക നല്‍കി മരിച്ച ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കുന്ന ആദ്യ രാജ്യവും സഊദി അറേബ്യയായിരിക്കും.

chandrika: