അബുദാബി: യുഎഇയില്‍ ഇന്ന് 399 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണങ്ങള്‍ 378 ആയി. 316 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയതെന്നും യുഎഇ ആരോഗ്യ – പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

68,020 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 59,070 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. ഇപ്പോള്‍ 8,572 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. പുതിയ രോഗികളുടെ എണ്ണം ഓഗസ്റ്റ് മാസത്തില്‍ 10 ശതമാനം വര്‍ദ്ധിച്ചതായാണ് കണക്കുകള്‍. അതേസമയം മരണനിരക്ക് അര ശതമാനത്തില്‍ തന്നെ തുടരുന്നത് ആശ്വാസം പകരുന്നു.

കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ യുഎഇയില്‍ കൊവിഡിന്റെ രണ്ടാം വ്യാപനമുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോരിറ്റി ഡയറക്ടര്‍ ജനറല്‍ ഉബൈദ് അല്‍ ഹുസന്‍ അല്‍ ശംസിയാണ് ഞായറാഴ്ച അബുദാബി ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ആശങ്ക പങ്കുവെച്ചത്.