കോരാപുത് (ഒഡിഷ): ഉടമസ്ഥതയെക്കുറിച്ചുള്ള തര്‍ക്കം തീര്‍ക്കാന്‍ പശു പൊലീസ് സ്‌റ്റേഷനില്‍!. ഒഡിഷയിലെ കോരാപുത് ടൗണ്‍ പൊലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് വിചിത്രമായ സംഭവം അരങ്ങേറിയത്.

കഴിഞ്ഞ മാസം 31നാണ് അശോക് നഗറില്‍ താമസിക്കുന്ന കമല മാദുലി തന്റെ പശുവിനെ മറ്റൊരാള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പരാതി നല്‍കിയത്. താന്‍ ഓമനിച്ചു വളര്‍ത്തുന്ന നാഗമണി എന്ന പശുവിനെ പ്രമോദ് റാവുത്ത് എന്നയാള്‍ സ്വന്തം തൊഴുത്തില്‍ കൊണ്ടു കെട്ടിയിരിക്കുന്നെന്നാണ് പരാതിയില്‍ പറയുന്നത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നാഗമണിയെ തിരിച്ചുതരാന്‍ റാവുത്ത് തയാറായില്ലെന്ന് മാദുലി പറയുന്നു.

പരാതി ലഭിച്ചതിനെത്തുടര്‍ന്ന പൊലീസ് റാവുത്തിനെ വിളിപ്പിച്ചു. എന്നാല്‍ മോഷണ ആരോപണം തള്ളിയ റാവുത്ത് താന്‍ പശുവിനെ നാബരംഗപൂരില്‍നിന്നു വാങ്ങിയതാണെന്ന് അറിയിച്ചു. അതിന്റെ പേര് ന്ഗമണിയെന്നല്ല, ലക്ഷ്മി എന്നാണെന്നും റാവുത്ത് പറഞ്ഞു.

തര്‍ക്കം മൂത്തപ്പോള്‍ പശുവിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുവരാന്‍ പൊലീസ് നിര്‍ദേശിച്ചു. അവിടെ കെട്ടഴിച്ചുവിട്ട പശു ആരുടെ തൊഴുത്തിലേക്കാണ് മടങ്ങുക എന്നു കണ്ടെത്തി കേസ് പരിഹരിക്കാനായിരുന്നു പൊലീസിന്റെ പദ്ധതി. പക്ഷേ, പൊലീസിനെ നിരാശപ്പെടുത്തി പശു സ്‌റ്റേഷനില്‍ തന്നെ നിന്നു.

തുടര്‍ന്നു രണ്ടു പേരോടും പശുവിനെ പേരെടുത്തു വിളിക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി. ആ ബുദ്ധിയും പക്ഷേ ഏറ്റില്ല. മാദുലി നാഗമണിയെന്നു വില്‍ച്ചപ്പോഴും റാവുത്ത് ലക്ഷ്മി എന്നു വിളിച്ചപ്പോളും പശു പ്രതികരിച്ചു. പശു കേസില്‍ പുലിവാലു പിടിച്ച പൊലീസ് ഇപ്പോള്‍ മൂന്നാമത് ഒരാളുടെ തൊഴുത്തില്‍ കെട്ടിയിരിക്കുകയാണ് ഇപ്പോള്‍. ഒരാഴ്ച കൊണ്ട് അന്വേഷണം നടത്തി യഥാര്‍ത്ഥ ഉടമയെ കണ്ടെത്തുമെന്നാണ് പൊലീസ് പറയുന്നത്.