എസ്എഫ്ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു. എറണാകുളം മഹാരാജാസിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജുകളിലും ജനാധിപത്യ മൂല്യമുള്ള മറ്റു വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണം. മറിച്ചുള്ള നിലപാട് വര്‍ഗീയശക്തികള്‍ക്ക് സഹായകരമാകുമെന്ന് പി. രാജു ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ജനാധിപത്യപരമായ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് കലാലയങ്ങളില്‍ സുഗമമായി പ്രവൃത്തിക്കാന്‍ അനുമതി നല്‍കണം. അതില്ലാതെ വരുമ്പോള്‍ വര്‍ഗീയ ശക്തികള്‍ കലാലയങ്ങളില്‍ പിടിമുറുക്കും. എസ്ഡിപിഐ പോലെയുള്ള സംഘടനകള്‍ കലാലയങ്ങളില്‍ ആക്രമം അഴിച്ചുവിടുകയും നാട്ടില്‍ ഭീതി സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെ എല്ലാ വിഭാഗം ജനങ്ങളും ചേര്‍ന്ന് എതിര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിശാലമനസ്‌കതയോടെ വിദ്യാര്‍ത്ഥി സംഘടനാനേതാക്കള്‍ പ്രവര്‍ത്തിക്കണം. കോളജില്‍ ആധിപത്യമുള്ള സംഘടനകള്‍ മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പു വരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണം. ഏതെങ്കിലും കലാലയത്തില്‍ ആധിപത്യമുള്ള വിദ്യാര്‍ത്ഥി സംഘടന മറ്റു പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാത്തത് ജനാധിപത്യവിരുദ്ധമാണ്.

അതേസമയം, സിപിഐയുടെ നിലപാടിനെ സ്വാഗതം ചെയ്ത് കെഎസ്യു രംഗത്ത് വന്നിട്ടുണ്ട്. കേരളത്തിലെ കലാലയങ്ങളില്‍ മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് എസ് എഫ് ഐ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്ന് കെഎസ്യു നേതാവ് കെ എം അഭിജിത്ത് ആരോപിച്ചു. കേരളത്തിലെ കലാലയങ്ങളില്‍ എസ് എഫ് ഐ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നു. മറ്റു വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കതിരെ ആക്രമണങ്ങള്‍ നടത്തി എസ് എഫ് ഐ അവരെ നിശബ്ദരാക്കുന്നു. അതിന്റെ ഫലമായിട്ടാണ് കാമ്പസുകളില്‍ വര്‍ഗീയ ശക്തികള്‍ പിടിമുറുക്കുന്നതെന്നും അഭിജിത്ത് കൂട്ടിച്ചേര്‍ത്തു.

നേരത്തെ മഹാരാജാസിലെ അഭിമന്യു വധത്തിന്റെ പശ്ചാത്തലത്തില്‍ സമാനമായ നിലപാടുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്ത് വന്നിരുന്നു. പക്ഷേ ഇതേ നിലപാട് ഇടതുപക്ഷ മുന്നണിയിലെ തന്നെ സിപിഐയും ആവര്‍ത്തിക്കുന്നത് എസ്എഫ്‌ഐയെ പ്രതിരോധത്തിലാക്കിയേക്കും.