ഇരിങ്ങാലക്കുട: ആര്‍.എസ്.എസിന്റെ വേദിയില്‍ പങ്കെടുത്തുവെന്ന പേരില്‍ സിപിഎം എംഎല്‍എ പ്രൊഫ. കെ.യു അരുണന്‍ വിവാദത്തില്‍. രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ പ്രാദേശിക ഘടകം സംഘടിപ്പിച്ച യോഗത്തിലാണ് സിപിഎം എംഎല്‍എ മുഖ്യപ്രഭാഷണവും പുസ്തക വിതരണവും നടത്തിയത്.

അതേസമയം, സിപിഎം പ്രാദേശിക നേതാവ് കിഷോര്‍ വിളിച്ചതനുസരിച്ചാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്നും പിഴവ് പറ്റിയത് മന:പൂര്‍വമല്ലെന്നും എം.എല്‍.എ വിശദീകരിച്ചു.

സംഭവത്തില്‍ പ്രൊഫ. കെ.യു അരുണന്‍ എം.എല്‍.എയോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും വിശദീകരണം ലഭിച്ച ശേഷം തീരുമാനമറിയിക്കാമെന്നും തൃശ്ശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സിപിഎം എംഎല്‍എ ആര്‍.എസ്.എസ് വേദിയില്‍ പങ്കെടുത്ത വാര്‍ത്ത വിവാദമായോടെ പ്രതികരണങ്ങളുമായി കോണ്‍ഗ്രസിന്റെ യുവ എംഎല്‍എമാര്‍ രംഗത്തെത്തി. പകല്‍ കമ്മ്യൂണിസവും രാത്രി സംഘിയുമായി നടക്കുന്നവര്‍ പട്ടാപ്പകല്‍ തന്നെ സംഘി ബന്ധം തുറന്നുകാണിക്കുന്നതാണ് പുറത്തു വരുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നതെന്ന് വി.ടി ബല്‍റാം എം.എല്‍.എ പ്രതികരിച്ചു.