ഫൈസല്‍ മാടായി

കണ്ണൂര്‍: സിഎംപിയിലെ പ്രബല വിഭാഗത്തിന്റെ അനിഷ്ടം മുഖവിലക്കെടുക്കാതെ സിപിഎമ്മിനൊപ്പം ചേര്‍ന്നവരെ ഉപയോഗിച്ച് സ്വത്ത് വകകളും കൈക്കലാക്കാന്‍ ഗൂഢനീക്കം. ഭരണത്തിന്റെ തണലില്‍ കണ്ണൂരിലെ സിഎംപി ജില്ലാ ആസ്ഥാനം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാക്കി മാറ്റിയ നടപടില്‍ വിവാദം പുകയുന്നു.

സിഎംപി സിപി ജോണ്‍ വിഭാഗത്തിലെ ചിലരെ പാര്‍ട്ടിയുമായി ലയിപ്പിച്ചതിന് പിന്നാലെയാണ് സിഎംപി രൂപീകരണ കാലത്ത് തന്നെ നിര്‍മിച്ച കെട്ടിടങ്ങളും മറ്റും നിയന്ത്രണത്തിലാക്കാനുള്ള സിപിഎം നീക്കം. സിഎംപി ജില്ലാ കൗണ്‍സില്‍ ആസ്ഥാനമായ ഇപി സ്മാരക മന്ദിരം കയ്യേറിയാണ് കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാക്കി മാറ്റിയത്. പഴയ ബസ്സ്റ്റാന്റിന് സമീപത്തെ യോഗശാല റോഡിലെ സിഎംപി ജില്ലാ കൗണ്‍സില്‍ ആസ്ഥാനത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണ ബോര്‍ഡുകള്‍ വെച്ച് 85ാം ബൂത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാക്കി മാറ്റിയിരിക്കുകയാണിപ്പോള്‍.

നേരത്തെ അരവിന്ദാക്ഷന്‍ വിഭാഗത്തില്‍ പെട്ടവര്‍ എല്‍ഡിഎഫില്‍ കക്ഷിയായി പ്രവര്‍ത്തിച്ച് തുടങ്ങിയ സമയത്ത് കണ്ണൂരിലെ സിഎംപി ജില്ലാ കൗണ്‍സില്‍ ആസ്ഥാനം സിപിഎം സഹായത്തോടെ അരവിന്ദാക്ഷന്‍ വിഭാഗം പിടിച്ചടിക്കിയിരുന്നു. 2014ല്‍ സിപിഎം ഗുണ്ടായിസത്തിലൂടെയാണ് സിഎംപി ജില്ലാ ആസ്ഥാനം പിടിച്ചടക്കിയത്. ഇപ്പോള്‍ സിപിഎമ്മില്‍ ലയിച്ചവരെ ഉപയോഗപ്പെടുത്തി സിഎംപിയുടെ സ്വത്ത് വകകളെല്ലാം കൈക്കലാക്കാനാണ് സിപിഎം ശ്രമം. സിപിഎമ്മില്‍ ചേര്‍ന്ന മുന്‍ സിഎംപി നേതാക്കളുടെ ഒത്താശയോടെയാണ് ഇപി സ്മാരക മന്ദിരം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാക്കി മാറ്റിയതെന്ന് സിപി ജോണ്‍ വിഭാഗം നേതാക്കളായ സിഎ അജീറും മാണിക്കര ഗോവിന്ദനും ജില്ലാ സെക്രട്ടറി പി സുനില്‍ കുമാറും പറഞ്ഞു.

കണ്ണൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ 3292/1994 നമ്പര്‍ ജന്മാധാര പ്രകാരം നാല് സെന്റ് സ്ഥലവും ഓഫീസ് കെട്ടിടവും നിയമ പ്രകാരം സിഎംപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സെക്രട്ടറിയുടെ പേരിലാണ്. കെആര്‍ അരവിന്ദാക്ഷനോടൊപ്പം എല്‍ഡിഎഫില്‍ ചേര്‍ന്ന ഒരു വിഭാഗമാണ് സിപിഎം സഹായത്തോടെ 2014 മാര്‍ച്ച് 22ന് ജില്ലാ കൗണ്‍സില്‍ ആസ്ഥാനം പിടിച്ചടക്കിയത്. സിഎ അജീറുള്‍പ്പെടെയുള്ള നേതാക്കളേയും പ്രവര്‍ത്തകരെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ചാണ് ഓഫീസ് കൈവശപ്പെടുത്തിയത്.

സിഎ അജീറുള്‍പ്പെടെ ഓഫീസില്‍ പ്രവേശിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തെങ്കിലും 2016 ജൂണ്‍ 30ന് കോടതി തള്ളിയിരുന്നു. എന്നാല്‍ ഭരണത്തിന്റെ തണലില്‍ സിപിഎം നേതൃത്വത്തിന്റെ സഹായത്തോടെ വിമത പക്ഷം ഓഫീസ് നിയന്ത്രണം തുടരുകയാണ്. നിയമ വിരുദ്ധമായാണ് പാര്‍ട്ടിയുടെ ജില്ലാ കൗണ്‍സില്‍ ഓഫീസ് കയ്യേറി എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാക്കി മാറ്റിയതെന്ന് സിഎംപി നേതാക്കള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ വരണാധികാരിക്കും പരാതി നല്‍കിയിട്ടുണ്ട്. കോടതി മുഖേനയും നിയമ നടപടി സ്വീകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.