ന്യൂഡല്‍ഹി: ബിനീഷ് കോടിയേരി മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന്റെ പേരില്‍ കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം. ബിനീഷ് കോടിയേരി കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ല. ബിനീഷിനെ പാര്‍ട്ടി സംരക്ഷിക്കില്ല. ബിനീഷ് സ്വയം നിരപരാധിത്വം തെളിയിക്കട്ടെ എന്നുമാണ് കേന്ദ്രകമ്മിറ്റി തീരുമാനം.

സിപിഎം കേരള ഘടകത്തിന് നിര്‍ണായക സ്വാധീനമുള്ള പോളിറ്റ്‌ബ്യോറോക്കും കേന്ദ്ര കമ്മിറ്റിക്കും ഇതില്‍ നിന്ന് ഭിന്നമായ ഒരു തീരുമാനം എടുക്കാനാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സിപിഎം കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം എന്നാല്‍ അത് കേരള ഘടകത്തിന്റെ തീരുമാനം തന്നെയാണ്.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം കേരളത്തില്‍ പാര്‍ട്ടി സെക്രട്ടറിക്ക് കാര്യമായ റോളില്ലാത്ത അവസ്ഥയാണ്. സിപിഎം ഭരിക്കുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയാണ് പലപ്പോഴും സുപ്രധാന വിഷയങ്ങളില്‍ നിലപാട് പറയാറുള്ളത്. എന്നാല്‍ നിലവില്‍ പിണറായിക്ക് മുന്നില്‍ വിനീത വിധേയനായി നില്‍ക്കുന്ന സെക്രട്ടറിയാണ് കോടിയേരി. അദ്ദേഹത്തെ മാറ്റി പുതിയ ആളെ തെരഞ്ഞെടുത്താല്‍ പിണറായിയുടെ അപ്രമാദിത്യം ചോദ്യം ചെയ്യപ്പെടാം എന്നതും പാര്‍ട്ടിയുടെ തീരുമാനത്തിന് കാരണമായിട്ടുണ്ട്.