ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാന കമ്പനിയുടെ തലപ്പത്ത് ആദ്യമായി ഒരു വനിത. എയര്‍ ഇന്ത്യയുടെ സഹകമ്പനിയായ അലൈന്‍സ് എയറിന്റെ സിഇഒ ആയി ഹര്‍പ്രീത് എഡി സിങ് നിയമിതയായി. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഫ്‌ളൈറ്റ് സേഫ്റ്റി വിഭാഗത്തില്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറാണ് ഹര്‍പ്രീത്. സീനിയര്‍ ക്യാപ്റ്റന്‍ നിവേദിത ഭാസിന് ഇനി ഈ ചുമതല നല്‍കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. അടുത്ത ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഹര്‍പ്രീത് അലൈന്‍സ് എയറിന്റെ സിഇഒ ആയി തുടരുമെന്നാണ് എയര്‍ ഇന്ത്യ സിഎംഡി രാജീവ് ബന്‍സാല്‍ അറിയിക്കുന്നത്.

1988ല്‍ എയര്‍ ഇന്ത്യയുടെ പൈലറ്റായി തുടക്കമിട്ട ഹര്‍പ്രീത് സിങ് പിന്നീട് വനിതാ പൈലറ്റ് അസോസിയേഷന്റെ തലപ്പത്തെത്തി. പിന്നീട് ആരോഗ്യപരമായ കാരണങ്ങളാല്‍ വിമാനം പറത്താന്‍ കഴിയാതിരുന്നതോടെ വിമാനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തിച്ചു. ഈ രംഗത്തും ഇവര്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി.

അതേ സമയം എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണം യാഥാര്‍ഥ്യമായാലും അലൈന്‍സ് എയറിനെ പൊതുമേഖലയില്‍ തന്നെ നിര്‍ത്തുമെന്നാണ് ലഭിക്കുന്ന വിവരം.