തലശ്ശേരി: വിവിധ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ കേസില്‍ സി.പി.എം നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗവും തലശ്ശേരി സഹകരണ റൂറല്‍ ബാങ്ക് പിഗ്മിഏജന്റുമായ കെ.കെ ബിജുവിനെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവിധ പെന്‍ഷന്‍ വിതരണത്തിനായി ബാങ്ക് ഏല്‍പ്പിച്ച ആറു ലക്ഷം രൂപ ഗുണഭോക്താക്കള്‍ക്ക് നല്‍കാതെ വഞ്ചിച്ചെന്നാണ് കേസ്.
ഇയാള്‍ ജില്ലാ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. പെന്‍ഷന്‍ തുക ലഭിച്ചില്ലെന്ന് കാണിച്ച് ഒരാള്‍ ബാങ്കിനെ സമീപിച്ചതിനെ തുടര്‍ന്ന് ബാങ്ക് മാനേജര്‍ തലശ്ശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പാര്‍ട്ടി തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ ബിജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് ജില്ലാ കമ്മിറ്റി ഇയാളെ പുറത്താക്കിയിരുന്നു.