പാനൂര്‍: പാര്‍ട്ടി അനുമതിയില്ലാതെ ആര്‍.എസ്.എസ്സിന്റെ സേവന വിഭാഗമായ സേവഭാരതിയുടെ വേദിയില്‍ സി.പി.എം പാനൂര്‍ ലോക്കല്‍ സെക്രട്ടറി കെ.കെ.പ്രേമന്‍ പങ്കെടുത്തത് വിവാദമായി. കണ്ണൂരില്‍ നിരന്തരം സി.പി.എം- ആര്‍.എസ്.എസ് സംഘര്‍ഷം നടക്കുന്നതിനിടെയാണ് പാര്‍ട്ടി അനുമതിയില്ലാതെ സി.പി.എം നേതാവ് ആര്‍.സ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നത്. സേവാഭാരതിയുടെ പാനൂര്‍ ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് ലോക്കല്‍ സെക്രട്ടറി പങ്കെടുത്തത്. പാര്‍ട്ടിയുടെ അറിവില്ലാതെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും വിഷയത്തില്‍ ലോക്കല്‍ സെക്രട്ടറിയോട് വിശദീകരണം തേടുമെന്നും പാനൂര്‍ ഏരിയാ സെക്രട്ടറി കെ.ഇ.കുഞ്ഞബദ്ദുള്ള പറഞ്ഞു. നേരത്തെ, പാര്‍ട്ടി നടപടി നേരിട്ട നേതാവാണ് കെ.കെ പ്രേമന്‍. ലോക്കല്‍ സെക്രട്ടറിയായിരുന്ന കെ.കെ.പ്രേമനെ സിപിഎം ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു.