മുഖ്യമന്ത്രി പിണറായി വിജയനടക്കം സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ നിയമസഭയില്‍ ഉയര്‍ത്തിക്കാട്ടിയും പഴയ ബന്ധത്തിന്റെ തെളിവുകള്‍ വെളിപ്പെടുത്തിയും പ്രതിപക്ഷം.
ജമാഅത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും വോട്ടു കിട്ടാന്‍ സി.പി.എം അവരോട് സംസാരിച്ചിരുന്നോ എന്ന ചോദ്യത്തോടെ പഴയകാല സി.പി.എം-ജമാഅത്ത് സഹകരണത്തിന്റെ ചിത്രങ്ങള്‍ കെ.പി.എ മജീദ് സഭയില്‍ ഉയര്‍ത്തിക്കാട്ടി.
ജമാഅത്തെ ഇസ്ലാമി അമീറിനൊപ്പം പിണറായി വിജയനും കെ.ടി. ജലീലും ഇരിക്കുന്ന ചിത്രം, മുഖ്യമന്ത്രി അമീറുമായി സംസാരിക്കുന്ന ചിത്രം, കോടിയേരി ബാലകൃഷ്ണനുമായി മുന്‍ അമീര്‍ ടി. ആരിഫലി സംസാരിക്കുന്ന ചിത്രം എന്നിവയാണ് മജീദ് കാട്ടിയത്. അവസരം കിട്ടിയാല്‍ നിങ്ങള്‍ അവരുമായി ഇപ്പോഴും സംസാരിക്കുമെന്നും പി.ഡി.പിയോട് നിങ്ങളുടെ ഇപ്പോഴത്തെ നിലപാട് എന്താണെന്നും മുസ്‌ലിം ലീഗ് നേതാവ് കെ.പി.എ മജീദ് ചോദിച്ചു.
എ.കെ.ജി സെന്ററില്‍ നിന്നുള്ള കാപ്‌സ്യൂളുകളാണ് സഭയില്‍ അവതരിപ്പിക്കുന്നതെന്ന് നജീബ് കാന്തപുരം പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് മൂന്ന് എം.പിമാരാണുള്ളത്. ഇതില്‍ രണ്ടുപേരും വിജയിച്ചത് തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിക്കൊപ്പം നിന്നിട്ടാണ്. 2011 ഏപ്രില്‍ നാലിന് വടക്കാഞ്ചേരിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ജമാഅത്തെ ഇസ്ലാമിയുമായി മുമ്പും രാഷ്ട്രീയ ചര്‍ച്ചകള്‍ തങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പറഞ്ഞത് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനാണ്.
മുമ്പ് നിയമസഭയില്‍ ആര്യാടന്‍ മുഹമ്മദ് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടിയായി ‘തീവ്രവാദ പേരുപറഞ്ഞ് ആര്യാടന്‍ ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കുന്നത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടാണെന്നും ഇത് കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടിന്റെ തെളിവാണെന്നു’മുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗവും നജീബ് ഓര്‍മിപ്പിച്ചു.