Video Stories

ദക്ഷിണാഫ്രിക്ക NO: 1

By chandrika

February 11, 2017

സെഞ്ചൂറിയന്‍: ശ്രീലങ്കക്കെതിരായ അഞ്ചു മത്സര പരമ്പര ദക്ഷിണാഫ്രിക്ക 5-0ന് തൂത്തു വാരി. അഞ്ചാമത്തേയും അവസാനത്തേയും മത്സരത്തില്‍ 88 റണ്‍സിനായിരുന്നു പ്രോട്ടീസിന്റെ വിജയം. 2016/17ല്‍ ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ രണ്ടാമത്തെ 5-0 സീരീസ് വിജയമാണിത്. നേരത്തെ ഓസീസിനേയും ദക്ഷിണാഫ്രിക്ക 5-0ന് മുട്ടുകുത്തിച്ചിരുന്നു. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക ഓപണര്‍മാരായ ക്വിന്റന്‍ ഡീകോക്കിന്റേയും (109), ഹാഷിം ആംലയുടേയും (154) സെഞ്ചുറിയുടെ പിന്‍ബലത്തില്‍ 384 റണ്‍സ് അടിച്ചു കൂട്ടിയപ്പോള്‍ ലങ്കയുടെ മറുപടി 296 റണ്‍സില്‍ അവസാനിച്ചു.

385 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കക്കു വേണ്ടി അസേല ഗുണരത്‌നെ (114*), സചിത് പതിരേന (56) എന്നിവരൊഴികെ മറ്റാര്‍ക്കും കാര്യമായ സ്‌കോര്‍ കണ്ടെത്താനായില്ല. ദക്ഷിണാഫ്രിക്കക്കു വേണ്ടി ക്രിസ് മോറിസ് നാലും പാര്‍നല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. പരമ്പര ഏകപക്ഷീയമായി കൈയ്യടക്കിയതോടെ ദക്ഷിണാഫ്രിക്ക ഏകദിന റാങ്കിങില്‍ ഓസീസിനെ പിന്തള്ളി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 2014 നവംബറിനു ശേഷം ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ഏകദിനത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.

അതേ സമയം 19ന് ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന അഞ്ചു മത്സര ഏകദിന പരമ്പരയില്‍ 3-2 എന്ന നിലയിലെങ്കിലും പരമ്പര സ്വന്തമാക്കിയില്ലെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമാവും. തോല്‍വിയോടെ ശ്രീലങ്ക ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബംഗ്ലാദേശും പാകിസ്താനുമാണ് ലങ്കക്കു പിന്നില്‍ ഏഴും എട്ടും സ്ഥാനങ്ങളില്‍. 134 പന്തില്‍ 154 റണ്‍സ് അടിച്ചു കൂട്ടി തന്റെ 24-ാം ഏകദിന സെഞ്ചുറി കരസ്ഥമാക്കിയ ആംല ഏകദിന, ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി വേഗതയാര്‍ന്ന 50 സെഞ്ചുറി കരസ്ഥമാക്കിയ താരമെന്ന നേട്ടത്തിനും ഉടമയായി. 348 ഇന്നിങ്‌സുകളിലാണ് ആംല ഈ നേട്ടം സ്വന്തമാക്കിയത്.

ജാക്വസ് കല്ലിസിന് ശേഷം 50 സെഞ്ചുറി നേടുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കക്കാരനാണ് ആംല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (100 സെഞ്ചുറി), റിക്കി പോണ്ടിങ് 71, കുമാര്‍ സംഗക്കാര 63, കല്ലിസ് 62, മഹേല ജയവര്‍ധന 54, ബ്രയാന്‍ ലാറ 53 എന്നിവരാണ് 50 സെഞ്ചുറികള്‍ പിന്നിട്ട മറ്റു താരങ്ങള്‍. 50 സെഞ്ചുറികള്‍ പിന്നിട്ടവരില്‍ മഹേല ജയവര്‍ധന മാത്രമാണ് ഏകദിന, ടെസ്റ്റ്, ടി 20 ഫോര്‍മാറ്റുകളില്‍ സെഞ്ചുറി നേടിയ ഏക താരം. 24-ാം ഏകദിന സെഞ്ചുറിയിലൂടെ ദക്ഷിണാഫ്രിക്കക്കു വേണ്ടി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡ് ഡിവില്ലിയേഴ്‌സിനൊപ്പം ആംല പങ്കിടുകയും ചെയ്തു. എബി ഡിവില്ലിയേഴ്‌സ് 206 മത്സരങ്ങളില്‍ നിന്ന് 24 സെഞ്ചുറി നേടിയപ്പോള്‍ ആംല 145 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും സെഞ്ചുറികള്‍ സമ്പാദിച്ചത്.