തിരുവനന്തപുരം: ഷെഡ്യൂളുകള്‍ പുന:ക്രമീകരിച്ചിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തില്‍ നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സി സര്‍വീസുകളുടെ എണ്ണം വീണ്ടും വെട്ടിക്കുറയ്ക്കാന്‍ ആലോചന. മൂന്നിലൊന്ന് ഷെഡ്യൂളുകളും നഷ്ടത്തിലോടുന്നവയാണെന്നാണ് കണക്കുകള്‍. 1819 ബസുകള്‍ക്ക് പ്രതിദിനം 10000 രൂപ പോലും വരുമാനമില്ല. ദിവസം ശരാശരി 8000 രൂപയാണ് ഒരു കെ.എസ്.ആര്‍.ടി.സി ബസ് നിരത്തിലിറക്കാന്‍ വേണ്ടത്.

പ്രതിദിനം 10000 രൂപയെങ്കിലും വരുമാനമില്ലാത്ത ഷെഡ്യൂളുകള്‍ ജനുവരി 31ന് ശേഷം പിന്‍വലിക്കാന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായി വരുമാനം കൂട്ടുന്ന തരത്തില്‍ ഷെഡ്യൂളുകള്‍ പുനഃക്രമീകരിക്കാന്‍ ഡിപ്പോകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പുനഃക്രമീകരണത്തിന് ശേഷവും 1819 ഷെഡ്യൂളുകളുടെ വരുമാനം ഉയര്‍ത്താനായില്ല. അതായത് അഞ്ച് സോണുകളിലായി ആകെയുള്ള 5840 ഷെഡ്യൂളുകളില്‍ മുപ്പത് ശതമാനവും നഷ്ടത്തില്‍ തന്നെയാണ് ഓടുന്നത്. ഇതില്‍ ചില സര്‍വീസുകള്‍ ഈ മാസം മുതല്‍ നിര്‍ത്തിലാക്കിയിരുന്നു.
|
ഈ മാസം പകുതിയോടെ ബാക്കി സര്‍വീസുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഒറ്റപ്പെട്ട മേഖലകളിലേക്കുള്ള സര്‍വീസുകള്‍ പൊടുന്നനെ നിര്‍ത്തലാക്കാനാവില്ല. എങ്കിലും നഷ്ടത്തിലോടുന്ന ബസുകളുടെ എണ്ണം പരവാവധി കുറക്കാനാണ് മാനേജ്‌മെന്റ് തീരുമാനം. വരുമാനം കുറഞ്ഞ സര്‍വീസുകള്‍ ഏറ്റവും കൂടുതലുള്ളത് കൊല്ലത്താണ്. 588 ഷെഡ്യൂളുകള്‍. തിരുവനന്തപുരത്ത് 360 ഉം തൃശൂരില്‍ 176 ഉം, എറണാകുളത്ത് 406 ഉം, കോഴിക്കോട്ട് 289 ഉം സര്‍വീസുകള്‍ നിര്‍ത്തേണ്ടി വരും.

ലാഭകരമായ പുതിയ റൂട്ടുകള്‍ കണ്ടെത്താനും സാന്നിധ്യം കുറഞ്ഞ മേഖലകളില്‍ സര്‍വീസ് ആരംഭിക്കാനും കെ.എസ്.ആര്‍.ടി.സി ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ബസുകളെയും ജീവനക്കാരെയും പുനര്‍വിന്യസിക്കും. ഇത് കെ.എസ്.ആര്‍.ടി.സിയെ മാത്രം ആശ്രയിക്കുന്ന ആദിവാസി, വിദൂര മേഖലകള്‍ക്ക് കനത്ത തിരിച്ചടിയാകും. അതേസമയം, വരുമാനമില്ലാത്ത സര്‍വീസുകള്‍ റദ്ദാക്കാനുള്ള ഉത്തരവ് സ്വകാര്യ ബസ് ലോബിക്ക് നേട്ടമാകുമെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.