പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ ഓടിച്ചിട്ട് കോടാലി കൊണ്ട് വെട്ടിപ്പരിക്കേല്‍പിച്ച് യുവാവ്. രാഹുല്‍ ഗൗഡ എന്നയാളാണ് വിമല എന്ന യുവതിയെ കോടാലി കൊണ്ട് വെട്ടിയത്. ഗുരുതരമായി വെട്ടേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഹൈദരബാദിലെ മീര്‍പേട്ട് ടീച്ചേഴ്‌സ് കോളനിയിലാണ് സംഭവം.

വീടിനു മുന്നില്‍ കുഞ്ഞിനെയും പിടിച്ച് സുഹൃത്തിനോട് സംസാരിക്കുകയായിരുന്ന യുവതിയെ രാഹുല്‍ ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു. കോടാലിയുമായി രാഹുല്‍ ഓടിവരുന്നത് കണ്ട യുവതി കുഞ്ഞുമായി അകത്തേക്ക് ഓടിയെങ്കിലും പിന്തുടര്‍ന്ന് വെട്ടിപ്പരിക്കേല്‍പിച്ചു. പ്രതിരോധിക്കാന്‍ വന്നവരെ കോടാലി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.

നിരന്തരമായി ശല്യം ചെയ്യുന്നുണ്ടെന്ന യുവതിയുടെ പരാതിയില്‍ നേരത്തെ രാഹുല്‍ അറസ്റ്റിലായിരുന്നു. ഇതില്‍ ജാമ്യത്തില്‍ ഇറങ്ങിയതിനു പിന്നാലെയാണ് ആക്രമണം.