X

ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തില്‍ നേതാക്കള്‍ക്ക് രൂക്ഷ വിമര്‍ശനം

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പൊട്ടിത്തെറിച്ചു. കേന്ദ്ര മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കിയാല്‍ കേരളത്തില്‍ കരുത്ത് കാട്ടാമെന്ന സംസ്ഥാന നേതാക്കളുടെ പരാമര്‍ശമാണ് അമിത് ഷായെ ചൊടിപ്പിച്ചത്. ആദ്യം ജയിച്ചു വരൂ, മന്ത്രിസ്ഥാനം പിന്നീട് ആലോചിക്കാമെന്ന് അമിത് ഷാ മറുപടി നല്‍കി. സംസ്ഥാന നേതൃത്വത്തിന്റെ പോരായ്മകള്‍ ഓരോന്നായി ചൂണ്ടിക്കാട്ടിയ അമിത് ഷാ വിഭാഗീയത നടത്തുന്ന നേതാക്കളെ കടുത്ത ഭാഷയില്‍ താക്കീത് ചെയ്തു. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരാളെ എങ്കിലും ജയിപ്പിച്ചിരിക്കണം എന്ന അന്ത്യശാസനയും ഷാ നേതാക്കള്‍ക്ക് നല്‍കി. സംസ്ഥാന നേതൃത്വത്തിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ നേതാക്കള്‍ നടത്തിയ ശ്രമവും അമിത് ഷാ തടഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടിന്റെ എണ്ണം കൂടിയത് ചൂണ്ടിക്കാട്ടാന്‍ സംസ്ഥാന നേതാക്കള്‍ ശ്രമിച്ചെങ്കിലും വോട്ടിന്റെ എണ്ണം കൂടിയത് കൊണ്ടായില്ല, സ്ഥാനാര്‍ഥിയെ ജയിപ്പിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞു. വിജയിക്കാന്‍ കുറുക്ക് വഴികളില്ലെന്ന് അദ്ദേഹം സംസ്ഥാന നേതാക്കളെ ഓര്‍മപ്പെടുത്തുകയും ചെയ്തു. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്നും താഴെതട്ട് മുതല്‍ പാര്‍ട്ടി സംവിധാനം ശക്തിപ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു. കേന്ദ്ര ഭരണവും സംസ്ഥാന നിയമസഭയില്‍ പ്രാതിനിധ്യവും ഉണ്ടായിട്ടും ന്യൂനപക്ഷ വിഭാഗങ്ങളെയോ പ്രമുഖ വ്യക്തികളെയോ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയാത്തതില്‍ അമിത് ഷാ സംസ്ഥാന നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ചു. ഇന്ത്യയിലുടനീളം മോദി തരംഗം ആഞ്ഞടിച്ചിട്ടും കേരളത്തില്‍ മാത്രം ഒന്നും നടക്കുന്നില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

chandrika: