ചെങ്ങന്നൂര്‍: അമ്മയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഇടമില്ലാത്തതിനെത്തുടര്‍ന്ന് റോഡില്‍ ചിതയൊരുക്കി ദളിത് കുടുംബം. ചെങ്ങന്നൂര്‍ സ്വദേശി കുട്ടിയമ്മയുടെ മൃതദേഹമാണ് റോഡില്‍ ചിതയൊരുക്കി സംസ്‌കരിച്ചത്.

നാട്ടില്‍ പൊതുശ്മശാനം ഇല്ലാത്തതിനെത്തുടര്‍ന്നാണ് റോഡില്‍ ചിതയൊരുക്കേണ്ടി വന്നത്. മൂന്നു വര്‍ഷം മുമ്പ് കുട്ടിയമ്മയുടെ കാന്‍സര്‍ ബാധിച്ച മരിച്ച മകനെയും റോഡരികില്‍ തന്നെയാണ് ചിതയൊരുക്കിയത്. ഒന്നര സെന്റ് ഭൂമിയില്‍ രണ്ട് കൊച്ചു മുറികള്‍ മാത്രമുള്ള വീട്ടിലായിരുന്നു 82കാരിയായ കുട്ടിയമ്മ മരുമകളുടെയും പേരക്കുട്ടിയുടെയുമൊപ്പം താമസിച്ചിരുന്നത്.

വീട് നില്‍ക്കുന്ന സ്ഥലത്ത് ദഹിപ്പിക്കാനുള്ള ഇടമില്ലാത്തതിനാല്‍ ഒടുവില്‍ കുട്ടിയമ്മയുടെ മൃതദേഹവും റോഡരികില്‍ ദഹിപ്പിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
ചെങ്ങന്നൂരില്‍ പൊതുശ്മശാനം വേണമെന്ന ആവശ്യം വര്‍ഷങ്ങളായി തുടരുന്നുണ്ടെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല.