പ്രയാഗ്രാജ്: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ ഒരു കുടുംബത്തിലെ നാലംഗങ്ങള്‍ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍. ഭാര്യയും ഭര്‍ത്താവും 16 വയസുള്ള മകളും 10 വയസുള്ള മകനുമാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങള്‍ക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ട്. പെണ്‍കുട്ടി കൊല്ലപ്പെടുന്നതിന് മുന്‍പ് ലൈംഗിക പീഡനത്തിനിരയായതായി ബന്ധുക്കള്‍ ആരോപിച്ചു.

ദളിത് വിഭാഗത്തില്‍പ്പെടുന്ന കുടുംബത്തിന്റെ കൂട്ടക്കൊലയ്ക്ക് പിന്നില്‍ അയല്‍വാസികളായ സവര്‍ണ ജാതിക്കാരാണെന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിച്ചു. പ്രദേശവാസികളായ 11 പേര്‍ക്കെതിരെ പൊലീസ് കൊലപാതകം, ബലാത്സംഘം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചിലരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തതായും പൊലീസ് അറിയിച്ചു.

പെണ്‍കുട്ടിയുടെ മൃതദേഹം വീടിനുള്ളിലും മറ്റുള്ളവരുടേത് മുറ്റത്തുമായാണ് കണ്ടെത്തിയത്. മൃതദേഹങ്ങളില്‍ മഴുപോലുള്ള മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള മുറിവുകള്‍ ഉള്ളതായി പൊലീസ് വെളിപ്പെടുത്തി. രക്തക്കറ പുരണ്ട മഴു ഇവരുടെ വീടിന് സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.

കൊല്ലപ്പെട്ട കുടുംബവും അയല്‍വാസികളും തമ്മില്‍ ഭൂമി തര്‍ക്കം നിലനിന്നിരുന്നതായും കഴിഞ്ഞ സെപ്തംബറില്‍ അയല്‍വാസികള്‍ ഇവരെ മര്‍ദിച്ചിരുന്നതായും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് പ്രവര്‍ത്തിച്ചത് ഉന്നതജാതിക്കാര്‍ക്ക് അനുകൂലമായാണെന്നും ഇവര്‍ ആരോപിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു.

ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം യു.പിയില്‍ ദളിതുകള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. 2020ല്‍ 3779 കൊലപാതകങ്ങളാണ് സംസ്ഥാനത്തുണ്ടായതെന്ന് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ കണക്കുകള്‍ പറയുന്നു. 2769 ബലാത്സംഗ കേസുകളാണ് യു.പിയില്‍ ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത്.