തിരുവനന്തപുരം: സംസ്ഥാനത്ത് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പ്രതിഷേധത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുന്നു. രാവിലെ തമ്പാനൂരില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തിയിരുന്നെങ്കിലും ഹര്‍ത്താലനുകൂലികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു.

കൊല്ലം ശാസ്താംകോട്ടയിലും തൃശൂര്‍ വലപ്പാടും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ആലപ്പുഴയിലും ബസ് തടഞ്ഞ സമരാനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴയിലും കടകള്‍ അടപ്പിക്കാനും ശ്രമമുണ്ടായി. പാലക്കാടും ഹര്‍ത്താലനുകൂലികള്‍ റോഡ് ഉപരോധിക്കുകയാണ്. മിക്ക ജില്ലകളിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.