ബാറ്റിങ് വിസ്‌ഫോടനത്തിന്റെ വക്താവാണ് ഓസ്‌ത്രേലിയന്‍ ക്രിക്കറ്റര്‍ ഡേവിഡ് വാര്‍ണര്‍. ഏകദിനമായാലും ടെസ്റ്റായാലും ട്വന്റി-20 സ്റ്റൈലില്‍ തട്ടുതകര്‍പ്പന്‍ ഇന്നിങ്‌സാകും വാര്‍ണര്‍ കാഴ്ചവെക്കുക. വെടിക്കട്ടിന്റെ പല റെക്കോര്‍ഡുകളും ഇതിനകം വാര്‍ണര്‍ സ്വന്തം പേരിലാക്കിയിട്ടുമുണ്ട്.

ഇപ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ വാര്‍ണര്‍ പായിച്ച സിക്‌സര്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ അപകടകാരിയായ ബൗളര്‍ ഡെയില്‍ സ്റ്റൈയിനെയാണ് തീര്‍ത്തും അപ്രതീക്ഷിത നീക്കത്തിലൂടെ താരം സിക്‌സര്‍ പറത്തിയത്.

അതിവേഗത്തില്‍ വന്ന സ്റ്റെയിനിന്റെ ബൗണ്‍സറിനെ വായുവില്‍ ഉയര്‍ന്ന് പിറകോട്ട് കട്ട് ചെയ്യുകയായിരുന്നു വാര്‍ണര്‍. പണ്ട് ഷുഐബ് അക്തറിനെ സച്ചിന്‍ സിക്‌സറിനു പറത്തിയതിനു സമാനമായ ഒരു ഷോട്ട്. ചാടിയുയര്‍ന്ന വാര്‍ണര്‍ അടിതെറ്റി താഴെ വീണാലെന്ത്, പന്ത് സിക്‌സര്‍ ലൈനല്ലേ കടന്നത്.