X

ഡിസംബര്‍ 30ന് ശേഷം എന്ത് സംഭവിക്കും?

രാജ്യത്തെ 85ശതമാനം കറന്‍സി പിന്‍വലിച്ചുള്ള തീരുമാനം കഴിഞ്ഞ നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അറിയിക്കുന്നത്. മുന്‍കരുതലുകളില്ലാതെ പെട്ടെന്ന് കൈക്കൊണ്ട തീരുമാനം രാജ്യത്തെ സാധാരണക്കാര്‍ക്ക് മൊത്തത്തില്‍ കിട്ടിയ ഒരു അടിയായി മാറുകയായിരുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്‍പ്പെടെ നോട്ട് പ്രതിസന്ധി അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. ബാങ്കുകള്‍ക്കു മുന്നില്‍ മണിക്കൂറുകളോളം വരി നിന്ന് പലരും മരണത്തിലേക്ക് വഴുതി വീണു. നോട്ടില്ലായ്മ രാജ്യത്തെ സാധാരണക്കാരെ വലച്ചപ്പോള്‍ പ്രധാനമന്ത്രി പ്രശ്‌നപരിഹാരത്തിന് 50 ദിവസം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഒരു രാജ്യം മുഴുവന്‍ ഞെട്ടിവിറച്ച് വേദനിച്ച അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞ ആ സമയം എത്തിയിരിക്കുകയാണ്. നാളെ 50ദിവസം പൂര്‍ത്തിയാകുമ്പോള്‍ എന്തു പരിഹാരമാണ് ജനങ്ങള്‍ക്കുമുന്നില്‍ മോദി നല്‍കുന്നതെന്ന് ഉറ്റുനോക്കുകയാണ് രാജ്യം.

രാജ്യത്തെ അഭിസംബോധന ചെയ്ത് വലിയൊരു തീരുമാനം പ്രഖ്യാപിച്ച മോദി പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ ഒളിച്ചോടുകയായിരുന്നു. പ്രതിപക്ഷം ഒറ്റക്കെട്ടായി നോട്ട് പിന്‍വലിക്കലിനെ എതിര്‍ത്ത് സഭകളില്‍ പ്രത്യക്ഷപ്പെട്ടു. മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍സിങ് മോദിയുടെ നീക്കത്തെ ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമെന്നാണ് വിശേഷിപ്പിച്ചത്. പണം പിന്‍വലിക്കല്‍ പദ്ധതിക്ക് രൂപം നല്‍കിയവരും ഉപദേശം നല്‍കിയവരും നോട്ട് പ്രതിസന്ധിയില്‍ മോദിയെ വിമര്‍ശിച്ചു. വേണ്ടത്ര മുന്‍കരുതലില്ലാതെ നടത്തിയ തീരുമാനത്തിന് വിമര്‍ശനവുമായി സാമ്പത്തിക വിദഗ്ധരും രംഗത്തെത്തി. രാജ്യത്തെ ആഭ്യന്തര വളര്‍ച്ചയില്‍ രണ്ടു ശതമാനത്തോളം കുറവുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തെ 85ശതമാനത്തോളം കറന്‍സി പിന്‍വലിച്ചത് കള്ളപ്പണം തടയാനെന്നായിരുന്നു മോദിയുടെ വാദം. എന്നാല്‍ കുറച്ചുദിവസങ്ങള്‍ക്കകം വാദം പൊളിയുകയായിരുന്നു. രാജ്യത്തെ കാഷ്‌ലെസ് ഇക്കോണമിയിലേക്കുള്ള പരിവര്‍ത്തനത്തിനായിരുന്നു നോട്ട് പിന്‍വലിക്കലെന്ന് സര്‍ക്കാര്‍ പറഞ്ഞുവെച്ചു. രാജ്യത്തെ 95ശതമാനം ആളുകള്‍ക്കും ഇന്റര്‍നെറ്റ് സൗകര്യമില്ല. ബീഹാറുള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ ഇപ്പോഴും ലഭ്യമാകുന്ന വൈദ്യുതി 15ശതമാനത്തിലും താഴെയാണ്. വേനല്‍ക്കാലത്ത് മണിക്കൂറുകളോളമാണ് പവര്‍കട്ടുണ്ടാവുന്നത്. മഴ വന്നാലോ കാറ്റ് വീശിയാലോ ഇല്ലാതുന്ന വൈദ്യുതി ബന്ധം. ഇതൊക്കെ നിലനില്‍ക്കുമ്പോഴാണ് നിരക്ഷരരായ ജനതക്കു മുന്നില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ഡിജിറ്റല്‍ കാഷ് ഇക്കോണമി അവതരിപ്പിക്കുന്നതെന്നാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. എന്നാല്‍ 50ദിവസം കൊണ്ട് തീര്‍ക്കാന്‍ കവിയുന്നതല്ല നോട്ട് പ്രതിസന്ധിയെന്നും ആറുമാസത്തോളം നിലനില്‍ക്കുന്നതാണ് പ്രശ്‌നമെന്നും വിദഗ്ധര്‍ പറയുന്നു.

കറന്‍സി പിന്‍വലിച്ച് മുന്നോട്ട് പോകുമ്പോഴും കറന്‍സി രഹിത സമ്പദ് വ്യവസ്ഥയെന്ന് ഘോരഘോരം പ്രസംഗിക്കുമ്പോഴും പിന്‍വലിച്ച കറന്‍സിയുടെ 90ശതമാനത്തോളം പുതിയ നോട്ടുകള്‍ ബാങ്കിലെത്തിയെന്നതാണ് മറ്റൊരു വസ്തുത. പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പെട്ടെന്ന് ഇല്ലാതാകുമ്പോള്‍ അത് ബാങ്കുകളുടെ നിലനില്‍പ്പിന് വിഘാതമാകുമെന്ന് കാണിച്ച് ബാങ്കുകള്‍ രംഗത്തുണ്ട്. എന്തൊക്കെയാണെങ്കിലും പണം പിന്‍വലിച്ചതുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് കഴിഞ്ഞ ദിവസങ്ങളിലായി മോദി നടത്തിയ പ്രസംഗങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. 50 ദിവസം പൂര്‍ത്തിയാക്കിയ അവസരത്തില്‍ പുതുവല്‍സതരത്തലേന്ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ എന്ത് പരിഹാരമാണ്, അല്ലെങ്കില്‍ എന്താണ് രാജ്യത്തോട് പറയാന്‍ പ്രധാനമന്ത്രിക്കുള്ളത്? രാജ്യത്തെ ഓരോ മനുഷ്യനും കാതുകൂര്‍പ്പിച്ചിരിക്കുന്നത് അത് കേള്‍ക്കാനാണ്.

chandrika: