ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം അപകടകരമായ തോതില്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് കടുത്ത നടപടികളുമായി ഡല്‍ഹി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെ ബദര്‍പൂര്‍ താപവൈദ്യുത നിലയം താല്‍ക്കാലികമായി അടച്ചു. 2018 മാര്‍ച്ച് 15 വരെ അടച്ചിടാനാണ് തീരുമാനം. മലിനീകരണത്തിന് കുറവുണ്ടായില്ലെങ്കില്‍ അടച്ചിടല്‍ ദീര്‍ഘിപ്പിക്കാനാണ് നീക്കം. നേരത്തെ പ്രഖ്യാപിച്ച് ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (ജി.ആര്‍.പി) അനുസരിച്ച് കടുത്ത നടപടികള്‍ ഉടന്‍ സ്വീകരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവക്കു പുറമെ വായു മലിനകരണം തടയുന്നതിന് ഡീസല്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതും കര്‍ശനമായി നിരോധിച്ചു. അതേസമയം, ആസ്പത്രി ഉള്‍പ്പെടെ അവശ്യ സര്‍വീസുകള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ജനറേറ്ററുകള്‍ ഉപയോഗിക്കുന്നതില്‍ തടസ്സമില്ല. വായുശുദ്ധിയുടെ നിലവാരം വിലയിരുത്തുന്നതിന് ചേര്‍ന്ന പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. അപായകരമായ നിലയിലേക്ക് അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഉയര്‍ന്നാല്‍ കാറുകള്‍ പുറത്തിറക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തേണ്ടി വരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇതു കൂടാതെ ശബ്ദമലിനീകരണം കുറക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അന്തര്‍സംസ്ഥാന ബസ് ടെര്‍മിനലുകളിലും ഹോണടിക്കുന്ന ഡ്രൈവര്‍മാര്‍ക്കും വന്‍ ശബ്ദത്തില്‍ വിളിച്ചു കൂവി യാത്രക്കാരെ വിളിച്ചു കയറ്റുന്ന കണ്ടക്ടര്‍മാര്‍ക്കും പിഴ ചുമത്താനാണ് തീരുമാനം. ഡ്രൈവര്‍മാര്‍ക്ക് 500 രൂപയും കണ്ടക്ടര്‍മാര്‍ക്ക് 100 രൂപയുമാണ് പിഴ. ഇതുസംബന്ധിച്ച ഉത്തരവ് ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഫ്രാസ്ട്ര്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പുറപ്പെടുവിച്ചു.