തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ പൊതുഭരണ വകുപ്പിലെ പൊളിറ്റിക്കല്‍ വിഭാഗത്തിലുണ്ടായ തീപിടുത്തതില്‍ മലക്കം മറിഞ്ഞ് ദേശാഭിമാനി. ആഗസ്റ്റ് 27 ന് പുറത്തിറങ്ങിയ പത്രത്തില്‍ ഒറ്റ ഫയലും കത്തിയിട്ടില്ലെന്ന് പറഞ്ഞ ദേശാഭിമാനി അടുത്ത ദിവസം പുറത്തിറങ്ങിയ പത്രത്തില്‍ 12 ഫയലുകള്‍ കത്തിയെന്ന് സമ്മതിച്ചു. ആഗസ്റ്റ് 27 ന് വൈകീട്ട് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം ഫയലുകള്‍ കത്തിയിട്ടുണ്ടെന്ന് പറഞ്ഞതോടെയാണ് ദേശാഭിമാനി വെട്ടിലായത്.

സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തിലായിരുന്നു തീപിടുത്തം ഉണ്ടായത്. തീപിടുത്തം സംഭവിച്ചതിന് പിന്നാലെ എല്ലാ രോഖകളും ഇ-ഫയലുകളായി ഉണ്ട് എന്നായിരുന്നു സര്‍ക്കാരിന്റെ ആദ്യ വാദം. എന്നാല്‍ കോണ്‍സുലേറ്റിന്റെ ഫയലുകളലടക്കം നിര്‍ണായകമായ പല രേഖകളും ഇ-ഫയവുകളായി സൂക്ഷിച്ചിട്ടില്ലെന്ന് പിന്നീട് റിപ്പോര്‍ട്ട് പുറത്ത് വന്നു. തീപിടുത്തം ഉണ്ടായതിന് ശേഷം വിവരങ്ങള്‍ ശേഖരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിടാന്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത തയ്യാറാകാതിരുന്നത് സംശയം ജനിപ്പിച്ചിരുന്നു.