എറണാകുളം: പ്രവാസി മലയാളികളുടെ ദീര്‍ഘകാല ആവശ്യമായ യൂറോപില്‍ നിന്നും നേരിട്ടുള്ള വ്യോമയാന സര്‍വീസിന് തുടക്കമായി. ലണ്ടനിന്ന് നേരിട്ടുള്ള ആദ്യ എയര്‍ ഇന്ത്യാ യാത്രാവിമാനമാണ് കൊച്ചിയിലെത്തിയത്. എയര്‍ ഇന്ത്യ ലണ്ടനില്‍ നിന്ന് മുംബൈ വഴി കൊച്ചിയിലേയ്ക്ക് തുടര്‍ച്ചയായി സര്‍വീസുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ലണ്ടനില്‍ നിന്ന് നേരിട്ടുള്ള സര്‍വീസ്.

130 യാത്രക്കാരുമായി ലണ്ടനില്‍ നിന്ന് തിരിച്ച എ ഐ 1186 വിമാനം ഒന്‍പതര മണിക്കൂര്‍ നീണ്ട ആകാശയാത്രക്കൊടുവിലാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. യൂറോപ്പില്‍ നിന്നുള്ള ആദ്യ വിമാനത്തെ ജലാഭിവാദ്യം നല്‍കിയാണ് സ്വീകരിച്ചത്. യൂറോപ്പിലേക്ക് നേരിട്ടുള്ള കണക്റ്റിവിറ്റി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, കൊച്ചിയിലേക്ക് നേരിട്ട് യൂറോപ്യന്‍ സര്‍വീസുകള്‍ നടത്തുന്ന എയര്‍ലൈനുകളുടെ ലാന്‍ഡിംഗ് ഫീസ് മുഴുവന്‍ ഒഴിവാക്കാന്‍ തീരുമാനിച്ചതായി സിയാല്‍ അറിയിച്ചു. പ്രവാസികള്‍ ഏറെ നാളായി ആവശ്യപ്പെടുന്ന കാര്യമാണിത്. ഒരു വര്‍ഷത്തേക്ക് യൂറോപ്പില്‍ നിന്ന് നേരിട്ട് സര്‍വ്വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് ലാന്‍ഡിംഗ് ഫീ ഒഴിവാക്കാനാണ് സിയാലിന്റെ തീരുമാനം.

https://www.facebook.com/watch/CochinInternationalAirport/

ലാന്‍ഡിങ് ചാര്‍ജില്‍ ഇളവ് കിട്ടുന്നതോടെ കൂടുതല്‍ വിമാന കമ്പനികള്‍ യൂറോപ്പിലേയ്ക്ക് നേരിട്ട് യാത്രാസൗകര്യം ഒരുക്കുമെന്നാണ് പ്രതീക്ഷ. ടിക്കറ്റ് ചാര്‍ജ് കുറയാനും സാധ്യതയുണ്ട്. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 27 വരെയുള്ള ലണ്ടന്‍-കൊച്ചി-ലണ്ടന്‍ സര്‍വീസുകളുടെ സമയപ്പട്ടിക ക്രമീകരിച്ചിട്ടുണ്ട്. വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഈ സര്‍വീസ്.രണ്ട് സര്‍വ്വീസുകളും തിരികെ യാത്രക്കാരുമായി അന്നേ ദിവസം തന്നെ മടങ്ങും.