കൊച്ചി: കാല്‍ മുറിച്ചു മാറ്റേണ്ടി വരുന്ന പ്രമേഹ രോഗികളില്‍ 50 വയസില്‍ താഴെയുള്ളവരുടെ എണ്ണം കൂടുന്നതായി വിദഗ്ധ ഡോക്ടര്‍മാര്‍. കൊച്ചി അമൃത ആശുപത്രിയില്‍ കാല്‍മുറിച്ചു മാറ്റലിന് വിധേയരായ ആകെ പ്രമേഹ രോഗികളില്‍ 50 വയസിന് താഴെയുള്ളവരുടെ എണ്ണം 2012 ല്‍ 7.9 ശതമാനം മാത്രമായിരുന്നു. എന്നാല്‍ 2016 ല്‍ ഇത് 15.1 ശതമാനമായും 2019 ല്‍ 24.3 ശതമാനമായും വര്‍ധിച്ചു.

കാല്‍പ്പാദമോ കാലോ മുറിച്ചു മാറ്റിയ (മുട്ടിന് താഴെയും മുകളിലുമായി) പ്രമേഹ രോഗികളുടെ ശരാശരി പ്രായം കണക്കാക്കുമ്പോള്‍, ഈ ശരാശരിയില്‍ പ്രായം കുറഞ്ഞുവരുന്നതായാണ് 2012 മുതലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2012ല്‍ അമൃത ആശുപത്രിയില്‍ കാല്‍പ്പാദം മുറിച്ചുമാറ്റലിന് വിധേയരായ പ്രമേഹ രോഗികളുടെ ശരാശരി പ്രായമെന്നത് 67.4 വയസായിരുന്നു. 2016 ല്‍ ഇത് 62.6 വയസായും 2019ല്‍ 59.7 വയസായും കുറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 50 വയസില്‍ താഴെയുള്ള പ്രമേഹ രോഗികളില്‍ കാല്‍മുറിച്ചു മാറ്റേണ്ടി വന്നവരുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് അമൃത ആശുപത്രിയിലെ എന്‍ഡോക്രൈനോളജി ആന്‍ഡ് ഡയബറ്റിസ് വിഭാഗം മേധാവി ഡോ.ഹരീഷ് കുമാര്‍ പറഞ്ഞു.

താരതമ്യേന പ്രായം കുറഞ്ഞ പ്രമേഹ രോഗികളില്‍ കാല്‍പ്പാദം മുറിച്ചുമാറ്റേണ്ടി വരുന്ന സാഹചര്യങ്ങള്‍ വര്‍ധിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ പ്രമേഹം ആരംഭിക്കുന്ന പ്രായമെന്നത് ശരാശരി 10 വര്‍ഷം വരെ നേരത്തെയാണ്. പ്രമേഹം നിയന്ത്രിച്ചില്ലെങ്കില്‍ ഏകദേശം 10-15 വര്‍ഷത്തിനിടെ ഇത് പെരിഫറല്‍ ന്യൂറോപ്പതി, പെരിഫറല്‍ വാസ്‌കുലര്‍ ഡിസീസ് തുടങ്ങിയ സങ്കീര്‍ണതകളിലേക്ക് നീങ്ങാന്‍ ഇടയാക്കും.

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മണ്‍സൂണ്‍ മാസങ്ങളിലാണ് പാദത്തിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ തേടിയെത്തുന്ന പ്രമേഹ രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നത്. ‘നെക്രോട്ടൈസിംഗ് ഫാഷൈ്യറ്റിസ് എന്നത് പ്രമേഹ രോഗികളിലുണ്ടാകുന്ന വളരെ ഗുരുതരമായ അണുബാധയാണ്. ഇത് ബാധിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചര്‍മ്മത്തിനടിയില്‍ കൂടി കാല്‍പാദം മുതല്‍ തുട വരെ പടരുന്നു.