കൊച്ചി: യുവനടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന നടന്‍ ദിലീപുമായി തെളിവെടുപ്പ് തുടരുന്നു. തൃശൂരിലെ ടെന്നീസ് ക്ലബ്, ജോയ്‌സ് പാലസ്, ഗരുഡ ഹോട്ടല്‍ എന്നിവിടങ്ങളിലേക്കു ദിലീപുമായി പൊലീസ് യാത്ര തിരിച്ചു. നാളെ കസ്റ്റഡി കാലാവധി അവസാനിരിക്കെയാണ് തെളിവെടുപ്പ് തിരക്കിട്ട് പൂര്‍ത്തിയാക്കുന്നത്. ഇന്നലെ ഗൂഢാലോചന നടന്നതായി സംശയിക്കുന്ന കൊച്ചിയിലും തൊടുപുഴയിലുമെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. വന്‍ ജനക്കൂട്ടം സ്ഥലത്തുണ്ടായിരുന്നതിനാല്‍ തൊടുപുഴയില്‍ ദിലീപിനെ വാഹനത്തില്‍ നിന്നും പുറത്തിറക്കാനായിരുന്നില്ല. തെളിവെടുപ്പിനു ശേഷം ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ച ദിലീപിനെ എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും ചോദ്യം ചെയ്തു. നടി ആക്രമിക്കപ്പെട്ട ദിവസവും പിറ്റേന്നുമായി ദിലീപ് ഫോണില്‍ സംസാരിച്ചവരെയും പൊലീസ് ചോദ്യം ചെയ്യും.
അതേസമയം കുറ്റകൃത്യം നടപ്പാക്കാന്‍ വേണ്ടി ദിലീപിനു സുനിയെ പരിചയപ്പെടുത്തിയതാരാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒരു മുതിര്‍ന്ന നടന്റെ ഇടപെടലാണ് പ്രധാനമായും പൊലീസ് പരിശോധിക്കുന്നത്. കൃത്യം നടന്ന ദിവസം ഈ നടനുമായി ദിലീപ് നാലു തവണ ഫോണില്‍ സംസാരിച്ചിരുന്നു. താരസംഘടനയായ അമ്മയുടെ യോഗത്തില്‍ ദിലീപിന് പിന്തുണയുമായി ഈ നടന്‍ രംഗത്തുവന്നിരുന്നു. സംഭവം നടക്കുന്നതിനു മുമ്പും ശേഷവും ഇവര്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ വ്യക്തമായ വിവരങ്ങള്‍ ശേഖരിച്ച ശേഷമായിരിക്കും ഈ നടനെ പൊലീസ് ചോദ്യം ചെയ്യുക.