ചെന്നൈ: നടന്‍ കമല്‍ഹാസനെതിരെ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഹിന്ദു മക്കള്‍ കക്ഷിയുടെ പരാതി. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ്‍-1ലെ അവതരണത്തില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കമലിനെതിരെ പരാതി നല്‍കിയത്. തമിഴ്‌നാടിനെയും സംസ്‌കാരത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ സംസാരിച്ചുവെന്നാണ് കമല്‍ഹാസനെതിരായ ആരോപണം. ബിഗ് ബോസ് വന്‍ പ്രേക്ഷകശ്രദ്ധ നേടി മുന്നേറുന്നതിനിടെയാണ് പ്രതിഷേധം ഉയര്‍ന്നത്. കമല്‍ഹാസനെ അറസ്റ്റു ചെയ്യണമെന്നതാണ് ഹിന്ദു മക്കള്‍ കക്ഷിയുടെ പ്രധാന ആവശ്യം. കമലിനെയും ഷോയിലെ മത്സരാര്‍ത്ഥികളായ 14 പേരെയും അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അറസ്റ്റ് ഭയക്കുന്നില്ലെന്നും എന്തും നേരിടാന്‍ തയാറാണെന്നും കമല്‍ഹാസന്‍ പ്രതികരിച്ചു. റിപ്പബ്ലിക് ടി.വിക്കു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. താന്‍ തെറ്റായ പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ല. തനിക്കെതിരായ ആരോപണം നിസാരമാണെന്നും കമല്‍ഹാസന്‍ പ്രതികരിച്ചു.