കൊച്ചിയില്‍ യുവനടിയെ തട്ടികൊണ്ടുപോയി കാറില്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് നടന്‍ ദിലീപ്. സംഭവത്തില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നതായി ദിലീപ് ആരോപിച്ചു. പുതിയ ചിത്രമായ ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ ഓഡിയോ റിലീസിനിടെയാണ് ദിലീപ് വികാരാധീനനായത്. തനിക്കെതിരെ പ്രേക്ഷകരുടെ മനസ്സില്‍ വിഷം കുത്തിവെക്കാനുള്ള ക്വട്ടേഷനാണ് അന്ന് നടന്നത്. ഗൂഢാലോചനക്കു പിന്നില്‍ മുംബൈ ആസ്ഥാനമായ ഒരു ഇംഗ്ലീഷ് പത്രമാണെന്നാണ് ദിലീപിന്റെ ആരോപണം. ഇതിനെ ചില ഓണ്‍ലൈന്‍ മഞ്ഞപത്രങ്ങള്‍ കൂടി സംഭവം ഏറ്റെടുക്കുകയായിരുന്നു. സത്യം പുറത്തു കൊണ്ടുവരേണ്ടത് തന്റെ ആവശ്യമാണ്. പ്രേക്ഷകരോട് മാത്രമാണ് കാര്യങ്ങള്‍ വിശദീകരിക്കാനുള്ളത്. ആലുവയിലെ വീട്ടിലെത്തി പൊലീസ് നടന്റെ മൊഴിയെടുത്തു എന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് താന്‍ സംഭവം ഗൗരവമായി എടുത്തത്. ആലുവയില്‍ താന്‍ മാത്രമാണ് താമസിക്കുന്നത്. അതിനാല്‍ തന്നെ ക്രൂശിക്കാനാണ് ഇല്ലാത്ത വാര്‍ത്ത എഴുതിയത്. അത്തരത്തില്‍ ഒരു പൊലീസുകാരനും തന്റെ വീട്ടിലെത്തിയിട്ടില്ല. സംഭവത്തിനു പിന്നില്‍ താനാണെന്ന് വരുത്തി തീര്‍ക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും ദിലീപ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം ദിലീപ് ആദ്യമായാണ് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. ദൈവത്തിലും പ്രേക്ഷകരിലും രാജ്യത്തെ നീതിന്യായവ്യവസ്ഥയിലും ഏറെ വിശ്വാസമുണ്ടെന്നും സത്യം അധികം വൈകാതെ പുറത്തുവരുമെന്നും ദിലീപ് പറഞ്ഞു.