മലയാള സിനിമയില്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ അഭിനയം കാഴ്ച്ച വെച്ച് മുന്നേറുന്നതിന്നിടയിലാണ് സൗബിന്‍ സാഹിര്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. ‘പറവ’യെന്ന ആ ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയും ചെയ്തു സൗബിന്‍. സഹസംവിധാന രംഗത്ത് 17വര്‍ഷത്തോളം നിലയുറപ്പിച്ച സൗബിനോട് വിവാഹക്കാര്യം ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സൗബിന്‍ വിവാഹത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് വ്യക്തമാക്കിയത്.

പെണ്ണുകെട്ടാന്‍ മറന്നുപോയോ എന്ന ചോദ്യത്തിന് തനിക്കിപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല എന്നായിരുന്നു സൗബിന്റെ മറുപടി. പിന്നെ എല്ലാവര്‍ക്കും ഉള്ളതുപോലെ ലവ് കാര്യങ്ങളൊക്കെ ഉണ്ടാവാലോ, അതിനൊന്നും ഒരു കുറവും ഇല്ലെന്നും താരം പറഞ്ഞു. പക്ഷേ ഒന്നുള്ളപ്പോള്‍ ഒന്ന് അത്രയുള്ളു. അല്ലാണ്ട് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ടു വൈകുന്നേരം പോയി ചായ കുടിക്കുന്ന ആ പരിപാടിയില്ല. ഒരു പ്രേമം കഴിഞ്ഞ് അടുത്തതിലേയ്ക്കു പോയിട്ടുണ്ട് പക്ഷേ ഒന്നും വിവാഹത്തില്‍ എത്തിയിട്ടില്ലെന്നും സൗബിന്‍ വ്യക്തമാക്കി.

‘പറവ’ ക്ക് മികച്ച രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദുല്‍ഖര്‍സല്‍മാന്‍, ഷൈന്‍നിഗം, ആഷിഖ് അബു, ഹരിശ്രീഅശോകന്‍, സൃന്ദ തുടങ്ങിയവര്‍ക്കൊപ്പം രണ്ടു പുതുമുഖ ബാലതാരങ്ങളായ അമല്‍ഷാ, ഗോവിന്ദ് പായ് എന്നിവര്‍ കൂടി പറവയില്‍ വേഷമിട്ടിട്ടുണ്ട്. അന്‍വര്‍ റഷീദ്, ഷൈജു ഉണ്ണി എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.