സംസ്ഥാനത്തെ പാതകളുടെഅവസ്ഥ എത്രകണ്ട് ശോചനീയമാണെന്ന് ഇപ്പോള്‍ അതുവഴി യാത്രചെയ്യുന്ന ഏതൊരാള്‍ക്കും നേരിട്ട് മനസിലാകുന്ന വസ്തുതയാണ്. റോഡിലെ കുഴികളും വെള്ളക്കെട്ടും മാത്രമല്ല പ്രശ്‌നം. അതിലുപരി പ്രധാനനിരത്തുകളുടെ നടുവിലൂടെയും അരികിലൂടെയും പാതവെട്ടിപ്പൊളിച്ച് ചാലെടുത്തിരിക്കുന്ന അവസ്ഥ കേരളത്തിലൊരു പൊതുമരാമത്തുവകുപ്പുണ്ടോ എന്നുപോലും സംശയിക്കപ്പെടേണ്ട സ്ഥിതിയിലാണ്. ഇന്ത്യയിലെ റോഡുകളുടെ തോത് സംസ്ഥാനശരാശരി അഞ്ചുകിലോമീറ്ററായിരിക്കെ, കേരളത്തിലിത് ഏതാണ്ട് ഇരട്ടിയാണെന്ന് അഭിമാനിക്കാമെങ്കിലും സുരക്ഷിതമായയാത്ര ഇന്നും മലയാളിക്ക് സ്വപ്‌നം മാത്രമാണ്. മഴയാണ് അടുത്തകാലത്തായി തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണി വൈകാന്‍ കാരണമായി പറയുന്നതെങ്കിലും അതുമാത്രമല്ല വാസ്തവമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിലൂടെ വ്യക്തമായി. നിര്‍മിച്ച് അധികം വൈകാതെ തകര്‍ന്ന് പൂര്‍വസ്ഥിതിയിലാകുന്ന പാതകളാണ് കേരളത്തിന്റെ എക്കാലത്തെയും ശാപം. സര്‍ക്കാറുദ്യോഗസ്ഥരുടെയും കരാറുകാരുടെയും അധികാര രാഷ്ട്രീയക്കാരുടെയും കറുത്തകൈകളാണ് ഈഅവസ്ഥക്ക് ഹേതുകം.

കേരളത്തില്‍ പാത പണിതതിന് സ്വന്തംജീവന്‍തന്ന ബലികൊടുക്കപ്പെടേണ്ട അവസ്ഥയുണ്ടായത് 2006ല്‍ ഇടതുസര്‍ക്കാറിന്റെ കാലത്ത് ഒരുവിദേശിക്കാണ്. പാലക്കാട്-ഷൊര്‍ണൂര്‍ സംസ്ഥാനപാത റബറൈസ്ഡ് രീതിയില്‍ പണിതതിനെതുടര്‍ന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും പ്രസ്തുത റോഡിന് കാര്യമായ യാതൊരു പ്രശ്‌നവുമില്ലെന്നിരിക്കെ ആആയുസ് പോലും നിര്‍മാണകരാറുകാരനായ വ്യക്തിക്ക് ലഭിച്ചില്ല. പണംനല്‍കാതെ മലേഷ്യക്കാരനായ കരാറുകാരനോട് സര്‍ക്കാറുദ്യോഗസ്ഥരും രാഷ്ട്രീയാധികാരികളും ചെയ്ത കൊടുംക്രൂരതയായിരുന്നു കാരണം. വ്യാഴാഴ്ച വെറുതെയല്ല കോടതിക്ക് കേരളത്തിലെ പൊതുമരാമത്തുവകുപ്പ് എഞ്ചിനീയര്‍മാരോട് ‘പണിയറിയില്ലെങ്കില്‍ രാജിവെച്ചുപോകാന്‍’ ആജ്ഞാപിക്കേണ്ടിവന്നത്. കൊച്ചികോര്‍പറേഷനിലെ തകര്‍ന്നുകിടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണി വൈകുന്നതിലും നിര്‍മാണത്തിലെ തകരാര്‍ സംബന്ധിച്ചുമുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്ന ഹൈക്കോടതി. നിര്‍മാണംകഴിഞ്ഞ് മാസങ്ങള്‍ക്കകം പാതകള്‍ പഴയപടിയായതായി പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തദ്ദേശസ്ഥാപനങ്ങള്‍ നേരിട്ടുനടത്തുന്ന റോഡുകളുടെ നിര്‍മാണവും പുതുക്കിപ്പണിയലും മാത്രമല്ല, സംസ്ഥാനത്തെ മൊത്തം റോഡുകളുടെ നിലവിലെ അവസ്ഥയെയും അക്കാര്യത്തില്‍ എഞ്ചിനീയര്‍മാര്‍ക്കെതിരെ നടപടിയെടുത്തതിന്റെ വിശദവിവരവും കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ജനകീയപ്രതിബദ്ധതയുള്ള ഒട്ടേറെ വിധികള്‍ പുറപ്പെടുവിച്ചിട്ടുള്ള ന്യായാധിപനെന്ന നിലക്ക് ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്റെ ഈ താക്കീത് തദ്ദേശസ്ഥാപനങ്ങളും പൊതുമരാമത്തുവകുപ്പും മന്ത്രിയും ഉദ്യോഗസ്ഥരും മുഖവിലക്കെടുക്കണം.

അതേസമയം കോടതിവിധിയോട് പ്രതികരിച്ച പൊതുമരാമത്തുവകുപ്പുമന്ത്രി പി.എ മുഹമ്മദ്‌റിയാസും ജലവിഭവവകുപ്പുമന്ത്രി റോഷി അഗസ്റ്റിനും തമ്മില്‍ റോഡ് അറ്റകുറ്റപ്പണിയുടെ കാര്യത്തില്‍ പരസ്പരധാരണയില്ലാതെ പ്രസ്താവന നടത്തുന്നതാണ ്‌കേട്ടത്. റോഡുകള്‍ വെട്ടിപ്പൊളിക്കുന്ന ജലഅതോറിറ്റിക്കാരാണ് പ്രശ്‌നത്തിന് ഉത്തരവാദികളെന്ന് റിയാസ് പറയുമ്പോള്‍ അതിന് കാരണം പൈപ്പിട്ടശേഷം പരിശോധന നടത്താന്‍ വൈകുന്നതായാണ് റോഷിയുടെ മറുപടി. ജലവിഭവവകുപ്പും ബി.എസ്.എന്‍.എല്ലും മാത്രമല്ല, കേബിളിടാനെന്ന പേരില്‍ മറ്റുപല സ്വകാര്യഏജന്‍സികള്‍കൂടി അടുത്തകാലത്തായി നമ്മുടെ പൊതുറോഡുകള്‍ തോന്നിയതുപോലെ വെട്ടിപ്പൊളിക്കുന്നു. ഇവരെ നിയന്ത്രിക്കുന്നതിന് ഡോ.എം.കെ മുനീര്‍ പൊതുമരാമത്തുവകുപ്പുമന്ത്രിയായിരിക്കെ, വകുപ്പുകളുടെ മുന്‍കൂട്ടിയുള്ള ഏകോപനംവേണമെന്ന് ഉത്തരവിടുകയുണ്ടായി. പൊതുമരാമത്തുവകുപ്പിന് കേടുവന്നഭാഗം നേരെയാക്കുന്നതിനുള്ള ചെലവ് അതിന്റ കാരണക്കാര്‍ മുന്‍കൂറായി കെട്ടിവെക്കണമെന്നും പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാര്‍മാറിയതോടെ എല്ലാംപഴയപടിയായി.
പുതിയമന്ത്രി റിയാസ് പുരപ്പുറംതൂക്കുന്നതുപോലെ ഓടിനടന്ന് മാരമത്തുപണികള്‍ നോക്കുന്നുണ്ടെങ്കിലും മഴ കഴിയുന്ന ഈവേളയിലും പാതകള്‍ ശോച്യാവസ്ഥയില്‍ തുടരുന്നതിനെക്കുറിച്ച് മിണ്ടിയിട്ടില്ല. പ്രളയമാണ ്‌റോഡുകളുടെ തകര്‍ച്ചക്ക് കാരണമെന്ന ്പറയുന്നവര്‍ക്ക് സമതലപ്രദേശങ്ങളിലെ പാതകള്‍ തകരുന്നതിനെന്താണ ്മറുപടി? വാഹനം വാങ്ങുമ്പോള്‍തന്നെ അഞ്ചുവര്‍ഷത്തേക്കുള്ള റോഡ്‌നികുതി പാവപ്പെട്ടവരില്‍നിന്നടക്കം ഈടാക്കുന്ന സര്‍ക്കാരിന് ജനങ്ങള്‍ക്ക് അതിന് അനുയോജ്യമായവിധത്തില്‍ പാതകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ബാധ്യതയില്ലേ. വര്‍ഷം കേരളത്തിലെ നിരത്തുകളില്‍ മൂവായിരത്തോളം മനുഷ്യജീവനുകളാണ ്‌പൊലിയുന്നത്. 2020ല്‍ ഇത് 2979 ആയിരുന്നെങ്കില്‍ ലോക്ക്ഡൗണില്‍ അടച്ചിട്ടുപോലും ഒക്ടോബറിനകം മാത്രം സംസ്ഥാനത്ത് കാല്‍ലക്ഷം അപകടങ്ങളിലായി 2738 പേര്‍ മരിച്ചുകഴിഞ്ഞു.