ഡഗ്ലസ്: ജോലിയോ മറ്റോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തുമ്പോള്‍ വളര്‍ത്തുനായ വന്ന് സ്‌നേഹം കൊണ്ട് മൂടുന്നത് കാണാറില്ലേ. അവയെ കെട്ടിപ്പിടിക്കുമ്പോള്‍ കിട്ടുന്ന ആശ്വാസവും ചെറുതല്ല. എന്നാല്‍ ആ നായ കൊണ്ട് ഉള്ള ആശ്വാസം കൂടി പോയിക്കിട്ടിയ സംഭവമാണ് ഐല്‍ ഓഫ് മാന്‍ ദ്വീപിലെ ജോസ്ലിന്‍ ഹോണെക്ക് പറയാനുള്ളത്.

കാലില്‍ കിട്ടിയതെല്ലാം ചവക്കുക എന്നതാണ് ജോസ്ലിന്‍ ഹോണെയുടെ വളര്‍ത്തു നായയായ പെഗ്ഗിയുടെ പ്രധാന ഹോബി. ഒരു ദിവസം ജോലി കഴിഞ്ഞെത്തിയ ജോസ്ലിന്റെ സമ്പാദ്യപ്പെട്ടി കാണാനില്ല. തന്റെ റൂമിലെ കട്ടിലിനരികില്‍ ഒരു കലത്തിലായിരുന്നു 10,000 രൂപയോളം സൂക്ഷിച്ചു വച്ചിരുന്നത്. ഭര്‍ത്താവിനോട് അന്വേഷിച്ചപ്പോള്‍ പെഗ്ഗി എടുത്തു കഴിച്ചെന്നു പറഞ്ഞു. ആദ്യം അവള്‍ വിശ്വസിച്ചില്ലെങ്കിലും റൂമില്‍ പെട്ടി തകര്‍ന്നു കിടക്കുന്നതു കണ്ടപ്പോള്‍ ബോധ്യപ്പെട്ടു.

റൂമില്‍ എല്ലായിടത്തും തെരഞ്ഞിട്ടും ഒരു നോട്ടിന്റെ കഷ്ണം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. ബാക്കിയെല്ലാം പെഗ്ഗി കഴിച്ചു. സങ്കടപ്പെട്ടു നില്‍ക്കുമ്പോള്‍ തന്റെ പങ്കാളി ചിരിക്കുന്നത് കണ്ട് അവള്‍ക്കു സഹിക്കാനായില്ല. ഒരു വേള, ഭര്‍ത്താവ് നുണ പറയുകയാണോ എന്നു വരെ അവള്‍ സംശയിച്ചു. പക്ഷേ, പിറ്റേന്ന് രാവിലെ വളര്‍ത്തു നായ ഛര്‍ദിച്ചു. അതോടെ നോട്ടുകഷ്ണങ്ങള്‍ പുറത്തേക്കു വന്നു. ഇതോടെ ജോസ്ലിന് പൂര്‍ണമായും സത്യം ബോധ്യപ്പെടുകയായിരുന്നു.