സുപ്രീംകോടതിയിലേക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്തവളത്തിലെത്തിയപ്പോള്‍ ഹാദിയ നടത്തിയ പ്രതികരണത്തില്‍ അഭിനന്ദനവുമായി ഡോ.ഷിംന അസീസ്. എന്നെങ്കിലുമൊരിക്കല്‍ ഹാദിയയെ തനിക്ക് നേരിട്ട് കാണണമെന്നും കെട്ടിപ്പിടിച്ച് അഭിനന്ദിക്കണമെന്നും ഷിംന അസീസ് പറയുന്നു. ഇന്നലെ അവളുടെ കണ്ണില്‍ കണ്ട തിളക്കം അദ്ഭുതാവഹമായിരുന്നു. കിട്ടിയ അവസരത്തില്‍ തന്റെ ശരി ലോകത്തോട് വിളിച്ച് പറഞ്ഞ പ്രിയ ഹാദിയാ, നിങ്ങളിലെ സ്ത്രീയുടെ ഇച്ഛാശക്തിക്ക് മുന്നില്‍ തല കുനിക്കുന്നുവെന്ന് ഷിംന ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

”എന്നെ ആരും നിര്‍ബന്ധിച്ച് മതംമാറ്റിയതല്ല, ഞാനെന്റെ സ്വന്തം ഇഷ്ടപ്രകാരം മുസ്ലിമായതാണ്. ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് ആഗ്രഹം, എനിക്ക് നീതി കിട്ടണം”. ഇന്നലെ വാര്‍ത്തയില്‍ കണ്ട ഇത്തിരി നേരത്ത് അവളുടെ കണ്ണില്‍ കണ്ട തിളക്കം അദ്ഭുതാവഹമായിരുന്നു.
കിട്ടിയ അവസരത്തില്‍ തന്റെ ശരി ലോകത്തോട് വിളിച്ച് പറഞ്ഞ പ്രിയ ഹാദിയാ, നിങ്ങളിലെ സ്ത്രീയുടെ ഇച്ഛാശക്തിക്ക് മുന്നില്‍ തല കുനിക്കുന്നു.

പ്രായപൂര്‍ത്തിയായ ഒരു വ്യക്തി എന്ത് വിശ്വസിക്കണമെന്നും ആരുടെ കൂടെ ജീവിക്കണമെന്നും തീരുമാനിക്കാനുള്ള പരിപൂര്‍ണസ്വാതന്ത്ര്യം അവര്‍ക്ക് മാത്രമാണ്. അതിനപ്പുറമുള്ള ഏതൊരു നിയമപരമായ ഇടപെടലും കൈകടത്തലും, അത് ഇനി ആരുടെ ഭാഗത്ത് നിന്നായാലും, പച്ചയായ മനുഷ്യാവകാശലംഘനമാണ്. അങ്ങനെ നോക്കുമ്പോള്‍ ഹാദിയ ഇന്ന് നേരിടുന്ന സഹനത്തിന് ഒരു ന്യായീകരണവുമില്ല.
മതം ഓരോ മനുഷ്യന്റെയും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ഏറെ സ്വപ്നങ്ങളോടെ ഒരു ചെറുപ്പക്കാരന്റെ കൈ പിടിച്ച പെണ്ണാണ്. അവന്റെ കൂടെ ജീവിക്കാനാണ് അവള്‍ ശബ്ദിക്കുന്നത്. ആ ഭര്‍ത്താവ് എന്ത് പിഴച്ചു? അയാളുടെ കണ്ണുനീരിന് എന്ത് വിലയാണ് ലോകം കല്‍പ്പിച്ചിരിക്കുന്നത്?
നാളെ എന്റെയോ നിങ്ങളുടെയോ ദാമ്പത്യത്തിലെ തീരുമാനങ്ങള്‍ അന്യരാല്‍ തീരുമാനിക്കപ്പെടുന്ന ഗതിയുണ്ടായാല്‍ ക്ഷമിക്കാനാകുമോ? പത്രമാധ്യമങ്ങള്‍ അത് വിളിച്ചോതാന്‍ തുനിഞ്ഞാല്‍ ആ സമ്മര്‍ദം എങ്ങനെയാണ് നേരിടും?
അവള്‍ നീതി അര്‍ഹിക്കുന്നുണ്ട്. അവനും…
അവളുടെ ഉറച്ച ശബ്ദം അവരുടെ സമാധാനപൂര്‍ണമായ ജീവിതത്തിലേക്ക് വഴി തെളിയിക്കട്ടെ. മനസ്സ് കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും കൂടെയുണ്ട് കൂട്ടുകാരീ.
നിങ്ങള്‍ക്ക് നീതി കിട്ടിയിരിക്കും. അത് കഴിഞ്ഞ് എന്നെങ്കിലുമൊരിക്കല്‍ നിങ്ങളെയെനിക്ക് നേരിട്ട് കാണണം, ഒന്ന് മുറുകെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കണം.
ഇത്രയേറെ പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്നല്ലോ !

#ju-sti-c-e-for-h-a-d-iy-a