ബംഗളൂരു: വിവിധ എ.ടി.എമ്മുകളില്‍ നിറക്കാന്‍ 1.37 കോടിയുമായി പോയ വാന്‍ ഡ്രൈവര്‍ മുങ്ങി. 2000ത്തിന്റെ നോട്ടുകളും വാനിലുണ്ടായിരുന്നു. പടിഞ്ഞാറന്‍ ബംഗളൂരുവില്‍ കെ.ജി റോഡില്‍ ബുധനാഴ്ച ഉച്ചക്കാണ് സംഭവം. കെ.ജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യ എടിഎമ്മിന് മുന്നലെത്തിയപ്പോഴാണ് ഡ്രൈവര്‍ റൂട്ട് മാറ്റിയത്. വാനിലുണ്ടായിരുന്ന ബാങ്ക് ഉദ്യോഗസ്ഥനും സുരക്ഷാ ഉദ്യോഗസ്ഥനും ഇറങ്ങിയ ഉടനെ ഡ്രൈവര്‍ വാന്‍ വേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു.

അതേസമയം ഡ്രൈവറെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. ഇയാള്‍ക്കായി വലവിരിച്ചിട്ടുണ്ട്. ബെംഗളൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ഹെഡ് ഓഫീസില്‍ നിന്നാണ് പണം കൊടുത്തയച്ചിരുന്നത്. സുരക്ഷാ ഏജന്‍സിയായ ലോഗി-കാഷിലെ കരാര്‍ ജീവനക്കാരാണ് ഡ്രൈവര്‍. 500,1000 നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ പണത്തിനായി ജനം നെട്ടോട്ടമോടുമ്പോഴാണ് അധികാരികളെ കുഴക്കിയ സംഭവം അരങ്ങേറിയത്. ഡ്രൈവര്‍ക്ക് അധിക ദൂരം പോകാനാവില്ലെന്നും ഉടന്‍ പിടികൂടാനാവുമെന്നാണ് പൊലീസ് വിശ്വസിക്കുന്നത്.

സംസ്ഥാനം വിട്ടുപോവാനുള്ള സാധ്യത വിരളമാണെന്നും അതിര്‍ത്തികളില്‍ വിവരം നല്‍കിയതായും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഡല്‍ഹിയില്‍ സമാന സംഭവം നടന്നിരുന്നു. അന്ന് 2.2 കോടി രൂപയുമാണ് വാന്‍ ഡ്രൈവര്‍ മുങ്ങിയത്.