crime

അമിത വേഗതയില്‍ വാഹനം ഓടിച്ചു; ചോദ്യം ചെയ്ത യുവാക്കളെ കുത്തിപ്പരിക്കേല്പിച്ചു; 3 പേര്‍ക്ക് പരിക്ക്

By webdesk14

July 16, 2023

തിരൂരങ്ങാടിയില്‍ അമിതവേഗതയില്‍ കാര്‍ ഓടിച്ചത് ചോദ്യം ചെയ്തതിന് യുവാക്കളെ കത്തി കൊണ്ട് അക്രമിച്ചു. സംഭവത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു. ചെറുമുക്ക് ജീലാനി നഗറില്‍ വെച്ചാണ് സംഭവം.

ചെറുമുക്ക് ഉദ്യാന പാതക്ക് സമീപത്ത് അമിത വേഗതയില്‍ കാര്‍ ഓടിക്കുന്നത് ശ്രദ്ധയില്‍ പെട്ട യുവാക്കള്‍ വണ്ടി നിര്‍ത്തിച്ച്, സമീപത്തെ വീട്ടില്‍ ഗൃഹപ്രവേശന ചടങ്ങ് നടക്കുന്നതിനാലും ഞായറാഴ്ച ആയതിനാലും കുട്ടികള്‍ ഉള്‍പ്പെടെ റോഡിലുണ്ടാകുമെന്നും പതുക്കെ പോകണമെന്നും ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ കാര്‍ ഓടിച്ചയാളുടെ സഹോദരന്‍ തടത്തില്‍ കരീമും മറ്റൊരാളും വണ്ടിയില്‍ കത്തിയും വടിയുമായി എത്തി ആക്രമിക്കുകയായിരുന്നു എന്നു പരിക്കേറ്റവര്‍ പറഞ്ഞു. കൂടി നിന്ന ആളുകള്‍ക്ക് നേരെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി.

ചെറുമുക്ക് ജീലാനി നഗര്‍ പങ്ങിണിക്കാടന്‍ അബ്ദുസമദിന്റെ മകന്‍ ഷാനിബ് (26), പറമ്പേരി ചെറീതിന്റെ മകന്‍ ഫായിസ് (30), ഒള്ളക്കന്‍ റഷീദ് മകന്‍ ഷാഫി (28), എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേര്‍ക്ക് തലയിലും ഒരാള്‍ക്ക് കഴുതിലും മുഖത്തും പരിക്കേറ്റിട്ടുണ്ട്.