Connect with us

kerala

മുക്കിയവരും മുങ്ങിയവരും

സി.പി.എം നേതാക്കളുടെ വഴിവിട്ട നീക്കം വഴി ആകെ പൊളിഞ്ഞ് പാളീസായ അനില്‍ അംബാനിയുടെ സ്ഥാപനത്തില്‍ പണം നിക്ഷേപിക്കുകയും അതുവഴി സര്‍ക്കാര്‍ ഉടമ സ്ഥതയിലുള്ള കെ.എഫ്.സിക്ക് 100 കോടിയോളം രൂപ നഷ്ടമായതും വാര്‍ത്തകളില്‍ നിറഞ്ഞതോടെ പഴയ ധനമന്ത്രിയും പുതിയ ധനമന്ത്രിയും ന്യായീകരിച്ച് തേയുകയാണ്.

Published

on

കേരളത്തില്‍ സി.പി.എമ്മുകാര്‍ അവരുടെ ആസ്ഥാന ബുദ്ധി ജീവിയാക്കി വെച്ചിരുന്ന പഴയ ധനമന്ത്രി കയറു പിരി ശാസ്ത്രജ്ഞന്‍ പറയുന്നതത്രയും അബദ്ധമായിരുന്നെന്ന് മലയാളികള്‍ മുമ്പേ അനുഭവത്തില്‍ പഠിച്ചതായിരുന്നു. അതിപ്പോള്‍ കിഫ്ബിയാണെങ്കിലും മസാല ബോണ്ടാണെങ്കിലും ഡാമില്‍ നിന്നും മണലൂറ്റുന്നതാണെങ്കിലും ലാഭത്തേക്കാളും നഷ്ടക്കച്ചവടം മാത്രമാണ് പറയാനുള്ളത്. ഇപ്പോള്‍ ഇതുപോലൊരു അനുഭവമാണ് കെ.എഫ്.സിയുടെ കാര്യത്തിലും പുറത്തു വരുന്നത്. സി.പി.എം നേതാക്കളുടെ വഴിവിട്ട നീക്കം വഴി ആകെ പൊളിഞ്ഞ് പാളീസായ അനില്‍ അംബാനിയുടെ സ്ഥാപനത്തില്‍ പണം നിക്ഷേപിക്കുകയും അതുവഴി സര്‍ക്കാര്‍ ഉടമ സ്ഥതയിലുള്ള കെ.എഫ്.സിക്ക് 100 കോടിയോളം രൂപ നഷ്ടമായതും വാര്‍ത്തകളില്‍ നിറഞ്ഞതോടെ പഴയ ധനമന്ത്രിയും പുതിയ ധനമന്ത്രിയും ന്യായീകരിച്ച് തേയുകയാണ്.

അനില്‍ അംബാനിയുടെ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ച ശേഷമാണ് ബോര്‍ഡ് യോഗത്തില്‍ പോലും ഇക്കാര്യം അവതരിപ്പിച്ചത്. സുതാര്യത അല്ലാതെന്ത് പറയാന്‍. സി.പി.എം വനിതാ നേതാവിന്റെ മകന്‍ നടത്തിയ ഈ നീക്കത്തിന് സര്‍ക്കാരിന്റെ പിന്തുണയും ഉണ്ടായിരുന്നു. അംബാനിക്കെതിരെയെന്ന് വിരവാദം പറയുമ്പോഴും അംബാനിയെ സഹായിക്കാനായി സി.പി.എമ്മും അംബാനിക്കമ്പനിയുമായുള്ള അന്തര്‍ധാര സജീവമായിരുന്നുവെന്ന് വേണം കരുതാന്‍. ഒരു വശത്തു അംബാനിയെ ചീത്ത വിളിക്കും. മോദിയുടെ ആളാണെന്നും പറഞ്ഞ്. മറുവശത്തു അംബാനിക്ക് എല്ലാ സഹായങ്ങളും ചെയ്യും. അതാണെടാ സി.പി.എം. നിക്ഷേപം നടത്തിയ ശേഷമാണ് ഇക്കാര്യം കെ.എഫ്.സി ബോര്‍ഡ് പോലും അംഗീകരിച്ചത്. അത്ര നിഷ്‌കളങ്കമായിരുന്നില്ല കെ.എഫ്.സിയിലെ ഇടപാട്. ഇതിലൂടെ ഖജനാവിന് നഷ്ടമായത് നൂറു കോടി രൂപയാണ്.

ന്യായീകരണം എന്ന വാക്ക് തന്നെ കണ്ടെത്തിയത് തനിക്ക് വേണ്ടിയാണെന്ന് പലവുരു തെളിയിച്ച മുന്‍ ധനമന്ത്രി ഐസക് സഖാവും നിലവിലെ ധനമന്ത്രി ബാലഗോപാലും അനില്‍ അംബാനിയുടെ സ്ഥാപനത്തില്‍ കെ.എഫ്.സി നടത്തിയ നിക്ഷേപം നിയമപരമാണെന്നാണ് വാദിക്കുന്നത്. എല്ലാ തട്ടിപ്പുകളും ചമക്കുന്ന പതിവ് ന്യായം ധനമന്ത്രി ബാലഗോപാല്‍ ഇത്തവണയും ചുമന്നിട്ടുണ്ട്. ബിസിനസില്‍ ലാഭവും നഷ്ടവും ഉണ്ടാകാം. നിക്ഷേപിക്കുന്ന സമയം ഉയര്‍ന്ന റേറ്റിംഗില്‍ ആയിരുന്നു ആര്‍.സി.എഫ്.എല്‍. യെസ് ബാങ്ക്, കാനറാ ബാങ്ക്, നബാര്‍ഡ്, യൂണിയന്‍ ബാങ്ക് തുടങ്ങി മുന്‍ നിര സ്ഥാപനങ്ങള്‍ 8000 കോടിയോളം നിക്ഷേപം നടത്തിയ കമ്പനിയാണ് റിലയന്‍സ് കമ്പനിയെന്നാണ് ബാലഗോപാല്‍ പറയുന്നത്. ഈ ബാങ്കുകള്‍ വിജയ് മല്യ മുതല്‍ സകല ഉഡായിപ്പുകള്‍ക്കും വായ്പയും നല്‍കിയിരുന്നെന്ന കാര്യം ബാല ഗോപാല്‍ അറിഞ്ഞോ ആവോ?. 60 കോടി നിക്ഷേപിച്ചു, അ തില്‍ 8 കോടി രൂപ തിരിച്ചു കിട്ടി, ബാക്കി കിട്ടാനുള്ള ചര്‍ച്ച ഇപ്പോഴും നടക്കുന്നു, നഷ്ടമാണോ അല്ലെ എന്ന് ചര്‍ച്ച കഴിഞ്ഞാ ലേ അറിയൂ എന്നാണ് കയറുപിരി ശാസ്ത്രജ്ഞന്റെ തിയറി. എങ്ങനുണ്ട്. അരിയെത്ര എന്ന ചോദ്യത്തിന് പയര്‍ അഞ്ഞാഴി എന്ന പതിവ് പരിപാടി തന്നെ.

2018 ഏപ്രില്‍ 16നാണ് റിലയന്‍സ് കമ്പനിയില്‍ കെ.എഫ്.സി നിക്ഷേപം നടത്തിയത്. അതേസമയം 2018 വര്‍ഷത്തെ ആദ്യ ബോര്‍ഡ് മീറ്റിങ് നടന്നത് ജൂണ്‍ 18നാണെന്ന് കെ.എഫ്.സി. വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തവുമാണ്. ബോര്‍ഡിന്റെ അംഗീകാരം പോലും ഇല്ലാതെയാണ് റിലയന്‍സ് കമ്പനിയില്‍ നിക്ഷേപം നടത്തിയതെന്ന് ഇതില്‍നിന്ന് പകല്‍ പോലെ വ്യക്തം. എന്തിനാണ് അറുപത് കോടിയിലധികം ബോര്‍ഡ് അനുമതിയില്ലാതെ പൊളിഞ്ഞ് പാളീസായ അംബാനിയുടെ കമ്പനിയില്‍ നിക്ഷേപിച്ചത് എന്നതാണ് ഉയരുന്ന ചോദ്യം. ഇതിന് സര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദമാകട്ടെ റിലയന്‍സ് കമ്പനിക്ക് റേറ്റിങ് ഉണ്ടായിരുന്നു എന്നാണ്. എന്നാല്‍, മൂന്നു വര്‍ഷ ത്തെ ബാലന്‍സ് ഷീറ്റ് പോലും ആകുന്നതിനു മുന്‍പാണ്, മുങ്ങിക്കൊണ്ടിരിക്കുന്ന കമ്പനിയില്‍ കെ.എഫ്.സി. 60 കോടി 80 ലക്ഷം നിക്ഷേപിച്ചത്. ഇതിനു പിന്നില്‍ കമ്മിഷന്‍ മാത്രമായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാണ്.

മന്ത്രിമാര്‍ പറയുന്നതുപോലെ ഇത്രയും സുതാര്യത ഉണ്ടായിരുന്നുവെങ്കില്‍ നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തില്‍ ചോദ്യം നമ്പര്‍ 4398, 4400 ആയി കെ.എഫ്.സി.യുടെ റിലയന്‍സ് നിക്ഷേപ വിവരങ്ങള്‍ ചോദിച്ചിട്ടും ഇതുവരെ മറുപടി നല്‍കാത്തത് ഇതിലെ കള്ളക്കളി വ്യക്തമാക്കുന്നതാണ്. സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ അടക്കമുള്ള വ്യവസായങ്ങള്‍ക്കു വായ്പകള്‍ നല്‍കാനാണു കെ.എഫ്.സി രൂപീകരിച്ചത്. എന്നാല്‍ 2018 ഏപ്രില്‍ 26ന് അ നില്‍ അംബാനിയുടെ ആര്‍.സി.എഫ്.എല്‍ എന്ന സ്ഥാപനത്തില്‍ 60.80 കോടി രൂപ നിക്ഷേപിച്ചു. കെ.എഫ്.സിയുടെ ആസ്തി വായ്പാ പരിപാലന സമിതിയുടെ തീരുമാനപ്രകാരമാണ് നിക്ഷേപം നടത്തിയത്. എന്നാല്‍ 2018-19 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ നിക്ഷേപം നടത്തിയ സ്ഥാപനത്തിന്റെ പേര് മറച്ചു വച്ചു ബാങ്കില്‍ ടേം നിക്ഷേപം എന്നാണ് ചൂണ്ടിക്കാട്ടിയത്.

2019 -20ലെ ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണെങ്കില്‍ എന്‍.സി.ഡിയിലാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിയമപ്രകാരം റിസര്‍വ് ബാങ്കിലോ ദേശസാല്‍കൃത ബാങ്കിലോ മാത്രമേ പണം നിക്ഷേപിക്കാന്‍ പാടുള്ളു. ബോണ്ടിലുള്ള നിക്ഷേപം ആണെങ്കില്‍ അത് ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാന ത്തില്‍ ആയിരിക്കണം. ഒരു ബാങ്കിങ് ഇതര സ്ഥാപനമായതു കൊണ്ടുതന്നെ നിയമപരമായി അംബാനിക്കമ്പനിയില്‍ കെ.എഫ്.സിക്ക് നിക്ഷേപിക്കാന്‍ സാധിക്കില്ല. വലിയ റേറ്റിങ്ങുണ്ടെന്ന് രണ്ട് പാര്‍ട്ടി ബുദ്ധിജീവികള്‍ അവകാശപ്പെടുന്ന കമ്പനിയായ ആര്‍.സി.എഫ്.എല്‍ കമ്പനി 2019ല്‍ പിരിച്ചുവിടപ്പെട്ടു. 2020 മാര്‍ച്ച് മുതല്‍ പലിശ പോലും ലഭിച്ചിട്ടില്ല. ആര്‍.സി.എഫ്.എല്‍. ലിക്വിഡേറ്റ് ചെയ്തപ്പോള്‍ 7.09 കോടി രൂപ ലഭിച്ചിട്ടുള്ളതായി 2020-21 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി യിട്ടുണ്ട്. പലിശയുള്‍പ്പെടെ 101 കോടി രൂപ ഈ നിക്ഷേപത്തിലൂടെ നഷ്ടപ്പെട്ടു എന്നാണ് കണക്ക്. കെ.എഫ്.സിയിലെ ഇടത് സംഘടനാ നേതാക്കളും മാനേജ്മെന്റും സര്‍ക്കാരിന്റെ ഒത്താശയോടെ നടത്തിയത് പകല്‍ക്കൊള്ളയാണ്.

 

kerala

ധനമന്ത്രി ഇന്ന് അവതരിപ്പിച്ചത് ജനത്തെ വഞ്ചിക്കുന്ന ബജറ്റ്: പി.കെ ബഷീര്‍ എംഎല്‍എ

അടിസ്ഥാന സൗകര്യ വികസനത്തിനോ ന്യൂനപക്ഷങ്ങളുടെയും പ്രവാസികളുടെയും ക്ഷേമത്തിനോ പുതുതായി യാതൊന്നും പ്രഖ്യാപിക്കാന്‍ സര്‍ക്കാറിന് സാധിച്ചില്ലെന്നും പി.കെ ബഷീര്‍ എംഎല്‍എ പറഞ്ഞു.

Published

on

ധനമന്ത്രി ഇന്ന് അവതരിപ്പിച്ചത് ജനത്തെ വഞ്ചിക്കുന്ന ബജറ്റാണെന്ന് പി.കെ ബഷീര്‍ എംഎല്‍എ. ഭൂനികുതി കൂട്ടി സാധാരണക്കാരെ ദ്രോഹിക്കാന്‍ ഇത്തവണയും മറന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ബജറ്റ് വന്നുകഴിഞ്ഞാല്‍ സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആശ്വാസമാണ് ഉണ്ടാകേണ്ടത്. എന്നാല്‍ കേരള സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ എല്ലാവര്‍ക്കും പേടിയാണെന്നും അദ്ദേഹം പറഞ്ഞു. പേടിച്ചത് പോലെ തന്നെ ഇത്തവണയും ജനദ്രോഹപരമായ നടപടികളാണ് പ്രഖ്യാപിച്ചതെന്നും അദേദഹം വ്യക്തമാക്കി.

വയനാടിന് കേന്ദ്ര സര്‍ക്കാര്‍ ഒന്നും നല്‍കുന്നില്ല എന്ന് വിലപിക്കുന്ന കേരള സര്‍ക്കാര്‍ നല്‍കിയത് വെറും 750 കോടിയാണ്. സന്നദ്ധ സംഘടനകളുടെ പ്രഖ്യാപനങ്ങള്‍ ഇതില്‍ കൂടുതലുണ്ടാകുമെന്നും പി.കെ ബഷീര്‍ എംഎല്‍എ സൂചിപ്പിച്ചു. പണമില്ലെന്നാണ് ഇതിനൊക്കെ ന്യായം പറയുന്നത്. അതേ സര്‍ക്കാര്‍ സാമ്പത്തികമായി മെച്ചപ്പെട്ടു എന്നും ബജറ്റില്‍ പറയുന്നു. ജനം ഏതാണ് വിശ്വസിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

അടിസ്ഥാന സൗകര്യ വികസനത്തിനോ ന്യൂനപക്ഷങ്ങളുടെയും പ്രവാസികളുടെയും ക്ഷേമത്തിനോ പുതുതായി യാതൊന്നും പ്രഖ്യാപിക്കാന്‍ സര്‍ക്കാറിന് സാധിച്ചില്ലെന്നും പി.കെ ബഷീര്‍ എംഎല്‍എ പറഞ്ഞു. ഞങ്ങള്‍ക്ക് ഈ പണി മതിയായി എന്ന മട്ടിലാണ് ബജറ്റ് അവതരണം സംഭവിച്ചതെന്നും ഞങ്ങള്‍ക്കും മതിയായി എന്ന് ജനത്തെക്കൊണ്ട് പറയിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

ബജറ്റ് സാധാരണക്കാരന് ഇരുട്ടടി: പിഎംഎ സലാം

Published

on

സംസ്ഥാന സർക്കാർ അവതരിപ്പിച്ചത് സാധാരണക്കാരന് ഇരുട്ടടിയാകുന്ന ജനദ്രോഹ ബജറ്റാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രതികരിച്ചു. ഭൂനികുതി സ്ലാബ് 50 ശതമാനം വർധിപ്പിച്ചത് വലിയ ആഘാതമാണ്. പാവങ്ങളെ പിഴിഞ്ഞ് കോടികൾ വരുമാനമുണ്ടാക്കാൻ തന്നെയാണ് സർക്കാർ തീരുമാനമെന്ന് ഈ നീക്കത്തിൽനിന്ന് വ്യക്തമാണ്. കഴിഞ്ഞ കാലങ്ങളിലെന്ന പോലെ ക്ഷേമ പെൻഷൻ ഒരു രൂപ പോലും വർധിപ്പിക്കാത്തത് നിരാശാജനകമാണ്. പൊള്ളയായ വാഗ്ദാനങ്ങൾ കുത്തിനിറച്ച ഒരു ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.
ക്ഷേമ പെൻഷൻ മുടങ്ങിയിട്ടും സർക്കാർ ആശുപത്രികളിൽ മരുന്നില്ലാതെ വലഞ്ഞിട്ടും പൊതുകടം നാൽപതിനായിരം കോടിയായിട്ടും ധനസ്ഥിതി മെച്ചപ്പെട്ടു എന്ന കള്ളമാണ് ബജറ്റിന്റെ തുടക്കത്തിൽത്തന്നെ പറഞ്ഞത്. സാധാരണക്കാർക്ക് ഗുണപ്രഗദമാകുന്ന യാതൊരു പ്രഖ്യാപനവും ബജറ്റിൽ ഇല്ല.
യാതൊരു ഫലവും സമ്മാനിക്കാത്ത നവകേരള സദസ്സിന്റെ ആർഭാടത്തിന് 500 കോടി അനുവദിച്ചത് ജനദ്രോഹ നടപടിയാണ്. ജലജീവൻ മിഷന് സംസ്ഥാന വിഹിതമായി കൊടുക്കേണ്ടത് 4500 കോടിയാണ്. സംസ്ഥാന വിഹിതം കൊടുക്കാത്തത് കൊണ്ട് കേന്ദ്ര വിഹിതം കേരളത്തിന് കിട്ടിയില്ല. ജലജീവൻ മിഷൻ വർക്ക് എടുത്തവർ ആത്മഹത്യയുടെ വക്കിലാണ്. 4500 കോടി കൊടുക്കാനുണ്ട്. ഇതേപ്പറ്റിയൊന്നും ബജറ്റ് പരാമർശിക്കുന്നില്ല.
ലോക കേരള സഭകളിൽനിന്ന് ലഭിച്ച നിർദേശങ്ങളിൽ ഒന്ന് പോലും പാലിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനമില്ല. തിരിച്ചുവന്ന പ്രവാസികളുടെ പുനരധിവാസം സംബന്ധിച്ചോ മറ്റ് ആനുകൂല്യങ്ങൾ സംബന്ധിച്ചോ ഒന്നും പറയുന്നില്ല. സാമ്പത്തിക ഞെരുക്കം മൂലം പ്രയാസപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളെ താങ്ങി നിർത്താനുള്ള യാതൊരു പദ്ധതികളും പറഞ്ഞിട്ടില്ല. തകർന്നടിഞ്ഞ് കിടക്കുന്ന ചെറുകിട വ്യാപാര മേഖല സർക്കാറിന്റെയോ ധനകാര്യ മന്ത്രിയുടെയോ ശ്രദ്ധയിൽ പതിഞ്ഞിട്ടില്ല എന്ന് ബജറ്റ് വ്യക്തമാക്കുന്നു. ഫലത്തിൽ കേരള ജനതക്ക് യാതൊരു ഗുണവും നൽകാത്ത, നൈരാശ്യവും ദ്രോഹവും മാത്രം സമ്മാനിക്കുന്ന ബജറ്റാണിത്. പുതുതായി എന്തെങ്കിലും പ്രതീക്ഷകളെങ്കിലും പങ്കുവെക്കാൻ സാധാരണ ബജറ്റുകളിൽ ശ്രദ്ധിക്കാറുണ്ട്. എന്നാൽ, ഈ ബജറ്റ് നിരാശ മാത്രമാണ് സമ്മാനിച്ചതെന്നും പി.എം.എ സലാം പറഞ്ഞു.

Continue Reading

kerala

ബസ് കാത്തുനിന്ന തൊഴിലാളികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി; 10 പേര്‍ക്ക് പരിക്കേറ്റു

വടക്കഞ്ചേരി പുളിങ്കൂട്ടത്ത് വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം.

Published

on

പാലക്കാട് വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്കേറ്റു. വടക്കഞ്ചേരി പുളിങ്കൂട്ടത്ത് വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റ മറ്റുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയലില്‍ പ്രവേശിപ്പിച്ചു.

ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന നിര്‍മാണത്തൊഴിലാളികളാണ് ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ വെച്ച് അപകടത്തില്‍ പെട്ടത്. നിയന്ത്രണംവിട്ട കാര്‍ ഇവരുടെ നേര്‍ക്ക് പാഞ്ഞുകയറുകയായിരുന്നു. എട്ടു സ്ത്രീകള്‍ക്കും രണ്ട് പുരുഷന്മാര്‍ക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്. സുന്ദരന്‍, ധനലക്ഷ്മി, തങ്കമണി എന്നിവരാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്.

 

Continue Reading

Trending