X

ഇ അഹമ്മദിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുസ്‌ലിം ലീഗ്‌ ദേശീയ പ്രസിഡണ്ടുമായിരുന്ന ഇ അഹമ്മദ് എം.പിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കണമെന്ന ആവശ്യത്തിന്മേല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. അഹമ്മദിന്റെ മരണം സംബന്ധിച്ച് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആസ്പത്രി സൂപ്രണ്ടിനോടും ഡല്‍ഹി പൊലീസ് കമ്മീഷണറോടും മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. നാലാഴ്ചക്കകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. ഇ അഹമ്മദിന്റെ മക്കള്‍ നല്‍കിയ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണറോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

അഹമ്മദിനെ കാണാന്‍ മക്കളെ അനുവദിക്കാത്തതും മരണ വിവരം മറച്ചുവെച്ചതും ഗുരുതര കുറ്റമാണ്. 40 മിനുട്ടു മാത്രം ഘടിപ്പിക്കാവുന്ന ജീവന്‍രക്ഷാ ഉപകരണം മണിക്കൂറുകളോളം ശരീരത്തില്‍ ഘടിപ്പിച്ചിരുന്നുവെന്ന ആരോപണം സംബന്ധിച്ചും വിശദീകരണം നല്‍കണമെന്ന് ആസ്പത്രി സൂപ്രണ്ടിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചു നടന്ന രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇ അഹമ്മദ് എം.പി കുഴഞ്ഞുവീണത്.

ഉടന്‍ തന്നെ റാം മനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. ആസ്പത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ അഹമ്മദ് മരിച്ചിരുന്നതായി ഐ.സി.യു ജീവനക്കാര്‍ കൂടെയുള്ളവരെ അറിയിച്ചിരുന്നതായാണ് വിരം. എന്നാല്‍ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് ആസ്പത്രിയില്‍ എത്തിയതിനു തൊട്ടു പിന്നാലെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ആസ്പത്രി അധികൃതര്‍ രഹസ്യമാക്കി വെക്കുകയായിരുന്നു. അടുത്ത ദിവസം നടക്കേണ്ട ബജറ്റ് അവതരണം തടസ്സപ്പെടാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശത്തെതുടര്‍ന്നാണ് മരണ വിവരം മറച്ചുവെച്ചതെന്നാണ് ആരോപണം. ഇക്കാര്യത്തിലും ആസ്പത്രി അധികൃതര്‍ വിശദീകരണം നല്‍കേണ്ടി വരും.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും കേരളത്തില്‍നിന്നുള്ള മുഴുവന്‍ എം.പിമാരും അഹമ്മദിന്റെ മരണം സംബന്ധിച്ച് പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റിന്റെ ഇരു സഭകളിലും കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തുകയും ചെയ്തു. എം.എല്‍.എമാരായ പി.കെ ബഷീര്‍, പാറക്കല്‍ അബ്ദുല്ല, മര്‍സൂഖ് ബാഫഖി എന്നിവര്‍ കേന്ദ്ര സര്‍ക്കാറിനെയും ആര്‍.എം.എല്‍ ആസ്പത്രി മെഡിക്കല്‍ സൂപ്രണ്ടിനെയും എതിര്‍ കക്ഷിയാക്കി സുപ്രീംകോടതി അഭിഭാഷകനായ അഡ്വ. ഹാരീസ് ബീരാന്‍ മുഖേന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.

chandrika: