ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമുള്‍പ്പെടെയുള്ള പോസ്റ്ററുകള്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ത്യാ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അടുത്ത 72 മണിക്കൂറിനുള്ളില്‍ പോസ്റ്ററുകളും ഹോര്‍ഡിംഗ്സും നീക്കം ചെയ്യണമെന്നാണ് ഉത്തരവ്. തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിര്‍ദ്ദേശം.കോവിഡ് വാക്സിനേഷന്‍ പ്രചാരണത്തിലും പെട്രോള്‍ പമ്പുകളിലും മോദിയുടെ ചിത്രമുള്‍പ്പെടുന്ന ഹോര്‍ഡിംഗ്സുകള്‍ വ്യാപകമായതിനെതിരെ പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

രാജ്യത്തെ നാല് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരാതിയുമായി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും പ്രധാനമന്ത്രിയുടെ ചിത്രങ്ങളുള്‍പ്പെടെയുള്ള പോസ്റ്ററുകള്‍ നീക്കം ചെയ്യാനും കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.

പശ്ചിമ ബംഗാള്‍, തമിഴ്നാട്, അസം, കേരളം എന്നീ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലേയും തെരഞ്ഞെടുപ്പ് തീയതികള്‍ ഫെബ്രുവരി 26ന് പ്രഖ്യാപിച്ചിരുന്നു.