കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ ആസ്ഥാനത്ത് ഇഡിയുടെ പരിശോധന. മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനുമായി സൊസൈറ്റിക്ക് സാമ്പത്തി ബന്ധമുണ്ടോ എന്നതാണ് ഇഡി അന്വേഷിക്കുന്നത്.

രാവിലെ ഒന്‍പത് മണിയോടെയാണ് വടകര നാദാപുരം റോഡിലെ ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനത്ത് ഇഡി സംഘം എത്തിയത്. രണ്ടര മണിക്കൂറോളം ഓഫീസില്‍ പരിശോധന നടത്തി. അതേസമയം ഇഡി സംഘം വിവരങ്ങള്‍ ചോദിച്ചറിയുകയാണ് ചെയ്തതെന്നും ഫയലുകള്‍ കൊണ്ടുപോയിട്ടില്ലെന്നും സൈസൈറ്റി ചെയര്‍മാന്‍ പാലേരി രമേശന്‍ പ്രതികരിച്ചു.

അതിനിടെ, സിഎം രവീന്ദ്രന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി 12 സ്ഥാപനങ്ങളില്‍ ഓഹരിയുണ്ടെന്ന് ഇഡി പറയുന്നു. രണ്ടു ദിവസങ്ങളിലായി നടത്തിയ റെയ്ഡിലാണ് ഇഡിയുടെ കണ്ടെത്തല്‍. വടകര, ഓര്‍ക്കാട്ടേരി, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലെ 24 സ്ഥാപനങ്ങളിലാണ് റെയ്ഡ്.

നിലവില്‍ ഈ സ്ഥാപനങ്ങള്‍ നടത്തുന്നവരില്‍ നിന്ന് ഇഡി വിവരം ശേഖരിക്കുക മാത്രമാണ് ചെയ്തത്. രവീന്ദ്രനു വലിയ അളവില്‍ സാമ്പത്തിക ഇടപാടുണ്ടെന്ന് പരാതി ഉയര്‍ന്ന സ്ഥാപനങ്ങള്‍ പരിശോധിക്കാന്‍ ഇഡി കൊച്ചി യൂണിറ്റാണ് കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്.