കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി കര്‍ഷക ദ്രോഹനയങ്ങള്‍ക്കും സാമ്പത്തിക നടപടികള്‍ക്കുമെതിരായ പൊതുപണിമുടക്കിലാണ് രാജ്യമിപ്പോള്‍. ഇന്നലെ അര്‍ധരാത്രി ആരംഭിച്ച പണിമുടക്ക് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കാര്യമായ ചലനം സൃഷ്ടിച്ചുതുടങ്ങിയതായാണ് വാര്‍ത്തകള്‍. ഇന്ന് രാത്രി 12 മണിവരെ നടക്കുന്ന പണിമുടക്കില്‍ രാജ്യത്തെ തൊഴിലാളികളും കര്‍ഷകരും മാത്രമല്ല, പൗരന്മാരില്‍ ബഹുഭൂരിപക്ഷവും പങ്കാളിത്തം വഹിക്കുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് സമരം കാര്യമായി പ്രതിഫലിക്കാതിരിക്കുന്നതെങ്കിലും മഹാരാഷ്ട്ര പോലുള്ള സാമ്പത്തികമായി മുന്നില്‍നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ഇതിനകം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ടുള്ള പണിമുടക്കിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ കാര്യമായ വ്യതിചലനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യെങ്കിലും രാജ്യത്തെ പകുതിയോളം ജനങ്ങള്‍ പങ്കെടുത്താല്‍ പോലും ഇത് കേന്ദ്ര സര്‍ക്കാരിനെതിരായ ജനങ്ങളുടെ അവിശ്വാസ പ്രകടനമായി വിലയിരുത്താനാകും.

വിവിധ തൊഴിലാളി സംഘടനകളായ ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, എസ്.ടി.യു, യു.ടി.യു.സി, സേവ, എച്ച്.എം.എസ്, ടി.യു.സി.ഐ തുടങ്ങിയ സംഘടനകളാണ് പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിവിധ ജനവിഭാഗങ്ങളെ ബാധിക്കുന്ന ഏഴ് ആവശ്യങ്ങളാണ് സമരത്തിനാധാരമായി ഉന്നയിക്കുന്നത്. കേന്ദ്ര ട്രേഡ് യൂണിയനുകള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, തൊഴിലാളികള്‍, കര്‍ഷക സംഘടനകള്‍ തുടങ്ങിയവ പണിമുടക്കിന് ആഹ്വാനം ചെയ്തതിനെ സര്‍വാത്മനാ സ്വാഗതം ചെയ്യുകയാണ് പൊതുജനം. ഇന്ന് കേരളത്തിലെ പ്രമുഖ ട്രേഡ് യൂണിയനുകളും അധ്യാപക-തൊഴിലാളി-കര്‍ഷകസംഘടനകളും മറ്റും പണിമുടക്കിന് ആഹ്വാനം ചെയ്യുകയും അതില്‍ പങ്കെടുത്തുവരികയുമാണ്.

കെ.എസ്.ആര്‍.ടി.സിയുടെയും ബാങ്കുകളുടെയും പൊതുമേഖലാസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം കാര്യമായി ബാധിച്ചതായാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഓഫീസുകളും കാര്യമായി പ്രവര്‍ത്തിക്കില്ലെന്നാണ് അവരുടെ സംഘടനകള്‍ അറിയിച്ചിട്ടുള്ളത്. കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ ബാധിക്കാനിടയില്ലെങ്കിലും അതിലെ തൊഴിലാളി സംഘടനകളും പണിമുടക്കിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആസ്പത്രികളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും പാല്‍ വിതരണത്തിന്റെയും പ്രവര്‍ത്തനം പണിമുടക്കില്‍ ബാധിക്കില്ല. എങ്കിലും ആ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മാധ്യമപ്രവര്‍ത്തകര്‍, പാല്‍ വിതരണതൊഴിലാളികള്‍ തുടങ്ങിയവരുടെ സംഘടനകള്‍ ഇതിനകം പണിമുടക്കിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും സംയുക്ത സമരസമിതിയുമായി പങ്കുചേരുകയും ചെയ്തിട്ടുണ്ട്. ഇന്ന് ഒരു ലക്ഷം കര്‍ഷകരുടെ റാലി രാജ്യ തലസ്ഥാനത്ത് സംഘടിപ്പിച്ചിരിക്കുകയാണ്.

ആദായനികുതി നല്‍കാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും പ്രതിമാസം 7500 രൂപ വീതം നല്‍കുക, ആവശ്യമായ എല്ലാവര്‍ക്കും പ്രതിമാസം പത്തു കിലോ ഭക്ഷ്യധാന്യം വീതം സൗജന്യമായി നല്‍കുക, വര്‍ഷം തൊഴില്‍ ദിനം 200 ആക്കി വര്‍ധിപ്പിച്ച് ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വിപുലമാക്കുക, പ്രതിരോധ നിര്‍മാണം, റെയില്‍വെ, തുറമുഖ, വ്യോമയാന, വൈദ്യുതി, ഖനന മേഖലകളിലെയും പൊതുമേഖലാസ്ഥാപനങ്ങളുടെയും സ്വകാര്യവത്കരണം നിര്‍ത്തലാക്കുക, കര്‍ഷകദ്രോഹ നിയമങ്ങളും തൊഴിലാളി വിരുദ്ധ നിയമങ്ങളായ വേജ് കോഡുകള്‍, മിനിമം വേതനനിയമം, പേയ്‌മെന്റ് ഓഫ്‌വേജസ് നിയമം, വര്‍ക്കിങ് ജേണലിസ്റ്റ് നിയമം, വ്യവസായികതൊഴില്‍ സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ നിയമങ്ങള്‍ തുടങ്ങിയവ ഉപേക്ഷിക്കുക എന്നിവയാണ് ആവശ്യങ്ങള്‍.

ഇ.പി.എഫ്, പ്രസവാനുകൂല്യനിയമം, കെട്ടിട നിര്‍മാണ തൊഴിലാളി നിയമം തുടങ്ങി 44 ഓളം തൊഴില്‍ നിയമങ്ങളാണ് കേന്ദ്രത്തിലെ മോദിസര്‍ക്കാര്‍ ഉപേക്ഷിച്ചിരിക്കുന്നത്. പകരം തൊഴിലാളികളുടെയും ജീവനക്കാരുടെയും അടിസ്ഥാന ആവശ്യങ്ങളും സംഘടനാസ്വാതന്ത്ര്യവും ഹനിക്കുന്ന നാല് കോഡുകളാണ് സര്‍ക്കാര്‍ ഏര്‍പെടുത്തിയിരിക്കുന്നത്. കോര്‍പറേറ്റ്, കുത്തക വ്യവസായഭീമന്മാര്‍ക്കുവേണ്ടിയുള്ള ഈ നയവ്യതിയാനങ്ങള്‍ക്കും നിയമനിര്‍മാണങ്ങള്‍ക്കുമെതിരെയാണ് ജനങ്ങള്‍ ഒന്നടങ്കം പ്രതിഷേധിക്കുന്നത്. രാജ്യത്തെ കര്‍ഷരും മതിയായ വിലയില്ലാതെ കഷ്ടപ്പെടുമ്പോള്‍ വിലക്കയറ്റം അതിരൂക്ഷമായ അവസ്ഥയിലെത്തിയിരിക്കുന്നത്. സെപ്തംബര്‍ 20ന ്‌രാജ്യസഭയില്‍ വോട്ടെടുപ്പില്ലാതെ ഏകപക്ഷീയമായി ചുട്ടെടുത്ത് നിയമമാക്കിയ കാര്‍ഷിക ശാക്തീകരണ കരാര്‍, വിപണന നിയമം തുടങ്ങിയവക്കെതിരെയാണ് കര്‍ഷക ജനത ഈ പണിമുടക്കിനെ കാണുന്നത്.

ഇന്ത്യന്‍ കര്‍ഷകരെ സംരക്ഷിച്ചുവന്നിരുന്ന കാര്‍ഷികോല്‍പന്ന കമ്പോള സമിതി നിയമത്തിലെ വ്യവസ്ഥകളെല്ലാം മോദി സര്‍ക്കാരിന്ന് ദുര്‍ബലപ്പെടുത്തിയിരിക്കയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെയും കൂടിയാണ് ട്രേഡ് യൂണിയന്‍ പണിമുടക്ക്. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ചരിത്രത്തിലില്ലാത്ത കടുത്ത പ്രതിസന്ധിയിലേക്ക്് തള്ളിയിട്ട സര്‍ക്കാരാണിത്. പൊതുമേഖലാസ്ഥാപനങ്ങളെ അപ്പാടെ വരുതിയിലാക്കുകയും തങ്ങളുടെ ഇഷ്ടക്കാരായ കുത്തകകളുടെ കാല്‍കീഴില്‍ അടിയറവെക്കുകയും ചെയ്ത മോദി സര്‍ക്കാര്‍ അവര്‍ പ്രതിനിധീകരിക്കുന്ന സ്വദേശി ഉല്‍പന്നങ്ങളുടെ പ്രചാരണം പോലും വേണ്ടെന്ന് വെച്ചിരിക്കുന്നു. പണത്തിന്റെയും കുത്തകകളുടെയും പിറകേ പാഞ്ഞു നടക്കുകയാണിന്ന് മോദി സര്‍ക്കാരും അതിലെ വാണിജ്യ വ്യാവസായി വകുപ്പുകളും. ബാങ്കുകളെ അവരുടെ ഇംഗിതത്തിന് വശംവദമാക്കി കോടികള്‍ എഴുതിത്തള്ളി.

ഇവിടെയെല്ലാം ദുരിതം അനുഭവിക്കേണ്ടിവന്നിരിക്കുന്നത് രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കുമാണ്. ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസ് പോലും കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധമായ സാമ്പത്തിക നയത്തിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. അതിന്റേ നേതാക്കള്‍ എത്രയോ തവണ പ്രധാനമന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും മറ്റും ശ്രദ്ധയില്‍പെടുത്തിയിട്ടും കുത്തകകളുടെ പിടിയില്‍നിന്ന് മാറാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് നിലപാട് തുടരുകയായിരുന്നു കേന്ദ്ര സര്‍ക്കാരും അതിലെ ധനകാര്യ, വാണിജ്യ, വ്യവസായ വകുപ്പിലെ ഉന്നതരും. അപ്പോള്‍ വ്യക്തമാകുന്നത് തൊഴിലാളികളാദി ബഹുജനങ്ങളുടെ കാര്യത്തില്‍ ഈ സര്‍ക്കാരിന് പ്രത്യേകിച്ചൊരു ആനുകൂല്യവും നല്‍കാനാവില്ലെന്ന് തന്നെയാണ്. ഈ കോവിഡ് കാലത്തുപോലും കോടികളുടെ ആദായം കുത്തകകള്‍ക്ക് നല്‍കിയിട്ടും പാവപ്പെട്ടവന് റേഷന്‍ പോലും നിഷേധിക്കുന്ന അവസ്ഥയുണ്ടായത് ഇതിനുദാഹരണം. ഇന്നത്തെ പണിമുടക്ക് വിജയിക്കേണ്ടത് ഇതുകൊണ്ടൊക്കെതന്നെ നാടിന്റെ അനിവാര്യതയാണ്.