Connect with us

Video Stories

കേരള ബാങ്ക്: സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു

Published

on

കുത്തക ബാങ്കിങ് സംസ്‌കാരത്തെ പ്രതിരോധിക്കാനെന്ന പേരില്‍ ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനൊരുങ്ങുന്ന സംസ്ഥാന സര്‍ക്കാര്‍, നടപടിക്രമങ്ങളില്‍ സുതാര്യതയും വ്യക്തതയും വരുത്താതെ ഒളിച്ചുകളി തുടരുകയാണ്. 2018 ആഗസ്റ്റ് മുതല്‍ പ്രവര്‍ത്തനക്ഷമമാകുംവിധം കേരള സഹകരണ ബാങ്കിനായുള്ള മുന്നൊരുക്കം വിവിധ തലങ്ങളില്‍ പുരോഗമിക്കുകയാണെന്ന് സഹകരണ വകുപ്പ് മന്ത്രി ഇടയ്ക്കിടെ പ്രസ്താവിക്കുന്നതൊഴിച്ചാല്‍ കാതലായ നീക്കങ്ങളൊന്നും നടക്കുന്നില്ല എന്നതാണ് സത്യം. ഒരു ബാങ്ക് തുടങ്ങുന്നതിന് പ്രാരംഭമായി ലഭിക്കേണ്ട റിസര്‍വ് ബാങ്കിന്റെ അനുമതി പോലും ഇല്ലാതെയാണ് ആഗസ്ത് 17ന് കേരള ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് കഴിഞ്ഞദിവസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവര്‍ത്തിച്ചിരിക്കുന്നത്. രാജ്യത്തെ ബാങ്കിങ് നിയമമനുസരിച്ച് റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ ഒരു ബാങ്കിനും പ്രവര്‍ത്തിക്കാനാവില്ല എന്ന ഉത്തമബോധ്യമുള്ള മന്ത്രി തന്നെ ഇവ്വിധം പൊതുജനങ്ങളെ കബളിപ്പിക്കുന്നത് കാപട്യമാണ്. ഇടതു സര്‍ക്കാര്‍ പ്രകടന പത്രികയില്‍ പറഞ്ഞതും നോട്ട് നിരോധാനന്തരം അണിയറ നീക്കങ്ങള്‍ സജീവമാക്കിയതുമായ ഒരു സംരംഭത്തെക്കുറിച്ച് റിസര്‍വ് ബാങ്കിന്റെ ചോദ്യങ്ങള്‍ക്ക് ഇതുവരെ മറുപടി നല്‍കാതെയാണ് ഇടതു സര്‍ക്കാര്‍ ഈ പൊറാട്ടുനാടകം കളിക്കുന്നത്. ജില്ലാ സഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് എല്ലാ ബാധ്യതകളെയും ഏകീകരിക്കുന്ന അതിസങ്കീര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ സംവിധാനങ്ങള്‍ വേണമെന്നിരിക്കെ ഏതുരീതിയില്‍ എങ്ങനെയാണ് ബാങ്കിന്റെ പ്രവര്‍ത്തനം വിഭാവനം ചെയ്യുന്നതെന്ന് നാളിതുവരെ സര്‍ക്കാരോ ഉത്തരവാദപ്പെട്ട മന്ത്രിയോ വ്യക്തമാക്കിയിട്ടില്ല.
97-ാം ഭരണഘടനാ ഭേദഗതിയിലൂടെയും സുപ്രീംകോടതിയുടെ നിരവധി വിധികളിലൂടെയും സ്വയംഭരണ സ്ഥാപനങ്ങളായി നിര്‍വചിക്കപ്പെട്ട ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്ക് എന്ന ഒറ്റ സംരംഭത്തില്‍ ലയിപ്പിക്കുന്നത് പ്രായോഗിക പ്രതിസന്ധികള്‍ നിറഞ്ഞതാണ്. മാത്രമല്ല, ജില്ലാ സഹകരണ ബാങ്കുകളുടെ സംഘാംഗങ്ങളുടെയും ഓഹരി ഉടമകളായ ഇതര സംഘാംഗങ്ങളുടെയും അനുമതി ഇല്ലാതെ മറ്റൊന്നില്‍ ലയിപ്പിക്കാനുമാവില്ല. 1969ലെ സഹകരണ നിയമപ്രകാരം ഒരു സഹകരണ സ്ഥാപനം മറ്റൊന്നില്‍ ലയിപ്പിക്കണമെങ്കില്‍ അതിനായി വിളിച്ചുചേര്‍ക്കുന്ന പൊതുയോഗത്തിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടായിരിക്കണം. വ്യത്യസ്ത ധ്രുവങ്ങളിലുള്ള സഹകരണ സംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതിന് നിരവധി നൂലാമലകളുടെ കുരുക്കഴിക്കണം. ഇതിനെല്ലാം പുറമെ റിസര്‍വ് ബാങ്കിന്റെ അംഗീകാരവും നേടണം. എന്നാല്‍ കേരള ബാങ്കുമായി ബന്ധപ്പെട്ട് ഈ നടപടികളൊന്നും പൂര്‍ത്തീകരിച്ചിട്ടില്ല. കാര്യങ്ങളുടെ യഥാസ്ഥിതി ഇതായിരിക്കെയാണ് സ്വപ്‌നപദ്ധതിയെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കേരള ബാങ്കിനെ കുറിച്ച് വാചാലമായിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ബാങ്കിങ് പരിഷ്‌കരണ നയങ്ങളെയും രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധികളെയും മുന്നില്‍ കണ്ടുവേണം സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളെയും ഏകോപിപ്പിക്കേണ്ടത്. യാതൊരു തരത്തിലുമുള്ള പഠനമോ വീക്ഷണമോ ഇല്ലാതെ തലതിരിഞ്ഞ സാമ്പത്തിക പരിഷ്‌കാരങ്ങളുമായി മുന്നോട്ടുപോകുന്ന മോദി സര്‍ക്കാറിനെ വിശ്വസിച്ച് സംസ്ഥാനത്തെ പാവം ജനതയെ തീക്കുഴിയില്‍ ചാടിക്കരുത്. സഹകരണ സംവിധാനത്തെ പൂര്‍ണമായും കമ്പോളാധിഷ്ഠിതമാക്കുന്ന തരത്തിലാണ് രാജ്യത്ത് നിയമങ്ങളുള്ളത്. നിലവില്‍ ജില്ലാ ബാങ്കുകളിലുള്ള 60,000 കോടി രൂപയുടെ നിക്ഷേപം അരക്കാശിന് വിലയില്ലാത്ത വിധം നിയമക്കുരുക്കിട്ടു പൂട്ടരുത്. വന്‍കിടക്കാര്‍ക്ക് വായ്പ നല്‍കി കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളുന്ന ദേശസാത്കൃത ബാങ്കുകളുടെ ദുസ്ഥിതി രാജ്യം ദൈനംദിനം അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് മുഴുവന്‍ ശൃംഖലകളുള്ള നാലു അതിപ്രധാന ബാങ്കുകളിലാണ് സമീപ കാലത്ത് ഇത്തരത്തില്‍ വ്യാപകമായ വെട്ടിപ്പുകളുണ്ടായത്. ഇന്നു കാണുന്ന കമ്പോള മത്സരത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ സ്വയം തകര്‍ന്നടിഞ്ഞ് നശിക്കുന്ന അവസ്ഥയിലേക്ക് കേരളത്തിലെ പേരുകേട്ട സഹകരണ സംരംഭത്തെ തള്ളിവിടരുത്. ജില്ലാ ബാങ്കുകളിലെ സാങ്കേതിക വിദ്യകളുടെ സംയോജനം, വിവിധ പ്രവൃത്തികളുടെ ഏകോപനം, ഏഴായിരത്തിലധികം വരുന്ന ജീവനക്കാരുടെ സുരക്ഷിതത്വം തുടങ്ങിയ കാര്യങ്ങളില്‍ ആശങ്ക നിലനില്‍ക്കെയാണ് ഈ മാസം തന്നെ ബാങ്ക് തുടങ്ങുമെന്ന മന്ത്രിയുടെ പ്രസ്താവന. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ തകര്‍ത്തെറിഞ്ഞ് കുത്തക ബാങ്കുകളുടെ നീരാളിക്കൈകളിലേക്ക് സാധാരണക്കാരെ എറിഞ്ഞു കൊടുക്കുന്നതിന് നിമിത്തമാകരുത് സര്‍ക്കാറിന്റെ ആര്‍ത്തി.
നോട്ടു നിരോധത്തിലൂടെ 1600ത്തില്‍ അധികം പ്രാഥമിക സഹകരണ സംഘങ്ങളെയും അവരെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ഇടപാടുകാരെയും കണ്ണീരിലാഴ്ത്തിയതിന്റെ തേങ്ങലുകള്‍ ഇനിയും അടങ്ങിയിട്ടില്ല. ഈയൊരു സാഹചര്യത്തിലാണ്, പ്രാഥമിക സഹകരണ ബാങ്കുകളിലെ ഇടപാടുകാര്‍ക്ക് ആധുനിക ബാങ്കിങ് സൗകര്യങ്ങളെന്ന പേരില്‍ കേരള ബാങ്കിലൂടെ കുരുക്കിടുന്നത്. രാജ്യത്ത് നിലവിലുള്ള മത്സരാധിഷ്ഠിത ബാങ്കിങ് രംഗത്ത് പിടിച്ചുനില്‍ക്കണമെങ്കില്‍ അത്യാധുനിക സാങ്കേതിക വിദ്യയും അതിനൂതന സമ്പ്രദായങ്ങളും മികച്ച സേവന സൗകര്യങ്ങളും അത്യന്താപേക്ഷിതമാണ്. രാജ്യത്തെ കമേഴ്‌സ്യല്‍ ബാങ്കുകളെല്ലാം ആധുനികതയുടെ വേഷം അണിഞ്ഞതോടെ സാധാരണക്കാരോട് അകല്‍ച്ചയും കോര്‍പറേറ്റുകളോട് അഭിനിവേശവും പ്രകടിപ്പിക്കുന്ന കാലമാണിത്. അതിനാല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ച് ഏകധാരയിലേക്കു കൊണ്ടുവരുമ്പോള്‍ വരുന്ന വരുംവരായ്കകളെ കുറിച്ച് സുചിന്തിതമായ പഠനം അനിവാര്യമാണ്. സഹകരണ മേഖലയിലാകുമ്പോള്‍ പ്രത്യേകിച്ചും.
എന്നാല്‍ കേരള ബാങ്ക് എന്ന് കേള്‍ക്കുമ്പോള്‍ സഹകരണ ബാങ്കിങ് മേഖലയിലെ നിക്ഷേപകരുടെയും തൊഴിലാളികളുടെയും ജീവനക്കാരുടെയും ഉള്ളില്‍ ആധി നിറയുകയാണ്. കേരള സഹകരണ ബാങ്കിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്താണെന്നും അതിലേക്കുള്ള വഴികള്‍ എങ്ങനെയാണെന്നും വ്യക്തമാക്കാത്തതാണ് ഇതിന്റെ ആധാരം. കേരള ബാങ്കിന് നബാര്‍ഡ് വച്ച 23 ഉപാധികളില്‍ അധികവും അതി സങ്കീര്‍ണമാണ്. ലയനത്തിനെതിരെ കോടതി ഉത്തരവുകളോ, തല്‍സ്ഥിതി തുടരണമെന്ന നിര്‍ദേശമോ ഉണ്ടായിരിക്കരുതെന്നാണ് നബാര്‍ഡിന്റെ നിബന്ധനകളില്‍ പ്രധാനം. എന്നാല്‍ പ്രാഥമികമായി തന്നെ ഇക്കാര്യത്തില്‍ സര്‍ക്കാറിന് ഉറപ്പുപറയാനാവില്ല. മാത്രമല്ല, ലയനത്തിനായി ഏതൊക്കെ അധികാരികളില്‍ നിന്ന് അനുമതി വാങ്ങേണ്ടതുണ്ടോ അതെല്ലാം സംസ്ഥാന സഹകരണബാങ്ക് വാങ്ങിയിരിക്കണമെന്നും ഉപാധിയില്‍ പറയുന്നു. നബാര്‍ഡിന്റെ നിരവധി ഉപാധികളില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇതിനു പുറമെ റിസര്‍വ് ബാങ്കിന്റെയും കോടതികളുടെയും ഊരാക്കുടുക്കുകള്‍ വേറെയും. എന്നിട്ടും എങ്ങനെയാണ് പതിനഞ്ചു ദിവസത്തിനകം കേരള ബാങ്ക് യാഥാര്‍ഥ്യമാകുമെന്ന് യാതൊരു സങ്കോചവുമില്ലാതെ മന്ത്രിക്ക് പറയാനാവുക? അതല്ല, അലാവുദ്ദീന്റെ അത്ഭുത വിളക്ക് കയ്യിലുണ്ടെങ്കില്‍ അതൊന്ന് കാണട്ടെ.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending